കെസിഎ ക്വീന്‍സിനെ തോല്പിച്ച് ഏഞ്ചല്‍സ്

കെസിഎ ക്വീന്‍സിനെ തോല്പിച്ച് ഏഞ്ചല്‍സ്

രുവനന്തപുരം: കെസിഎ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടന്ന പ്രദര്‍ശന മല്‍സരത്തില്‍ കെസിഎ ക്വീന്‍സിനെതിരെ കെസിഎ ഏഞ്ചല്‍സിന് 12 റണ്‍സ് വിജയം.ആദ്യം ബാറ്റ് ചെയ്ത എഞ്ചല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വീന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമാണ് നേടാനായത്. ഏഞ്ചൽസിൻ്റെ ക്യാപ്റ്റൻ ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഏഞ്ചല്‍സിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അഖിലയും അക്ഷയയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഏഞ്ചല്‍സിനെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഖില 24ഉം അക്ഷയ 23ഉം റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയായ വി ജെ ജോഷിതയുടെ പ്രകടനവും ശ്രദ്ധേയമായി. ജോഷിത 18 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്തു. ക്വീന്‍സിന് വേണ്ടി ഇന്ത്യന്‍ താരങ്ങളായ സജന സജീവനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്വീന്‍സിന് തുടക്കത്തില്‍ തന്നെ അന്‍സു സുനിലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സജന സജീവനും വൈഷ്ണയും ചേര്‍ന്ന കൂട്ടുകെട്ട് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈഷ്ണ 22ഉം സജന 33ഉം റണ്‍സെടുത്തു. എന്നാല്‍ തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്വീന്‍സിന്റെ മറുപടി 102ല്‍ അവസാനിച്ചു.

ഏഞ്ചല്‍സിന് വേണ്ടി ക്യാപ്റ്റന്‍ ഷാനി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങ്ങിലും ബൌളിങ്ങിലും ഫീല്‍ഡിങ്ങിലും ഉജ്ജ്വല പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത്. ഫീല്‍ഡിങ്ങില്‍ കൂടുതല്‍ മികവ് കാട്ടിയ ഏഞ്ചല്‍സിനെ തേടി വിജയമെത്തുകയും ചെയ്തു.

Angels defeat KCA Queens

Share Email
Top