പേര് വിനയായി, ഫേസ്ബുക്കിൽ അക്കൗണ്ട് എടുക്കാൻ സാധിക്കുന്നില്ല: മെറ്റ സിഇഒക്കെതിരെ കേസ് ഫയല്‍ ചെയ്ത് മറ്റൊരു മാര്‍ക്ക് സക്കര്‍ബര്‍ഗ്

പേര് വിനയായി, ഫേസ്ബുക്കിൽ അക്കൗണ്ട് എടുക്കാൻ സാധിക്കുന്നില്ല: മെറ്റ സിഇഒക്കെതിരെ കേസ് ഫയല്‍ ചെയ്ത് മറ്റൊരു മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂയോർക്ക്: മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ കേസ് ഫയല്‍ ചെയ്ത് അമേരിക്കക്കാരനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന അഭിഭാഷകന്‍. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന പേരുപയോഗിച്ച് ആള്‍മാറാട്ടം നടത്തുന്നുവെന്ന് സിസ്റ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണിത്‌.

ഇന്‍ഡ്യാന സ്വദേശിയാണ് സ്വന്തം പേരുള്ള ടെക് ശതകോടീശ്വരനെതിരെ കേസുകൊടുത്ത അഭിഭാഷകന്‍. പെട്ടെന്നൊരു ദിവസം മെറ്റാ സിഇഒയ്ക്കെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചതല്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ അക്കൗണ്ടുകള്‍ നീക്കംചെയ്യുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. ഓരോ അവസരത്തിലും അദ്ദേഹം ഫേസ്ബുക്കുമായി ബന്ധപ്പെട്ടിരുന്നു. കമ്പനി ഇമെയില്‍ വഴി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നിരുന്നാലും അക്കൗണ്ട് നീക്കല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ഇതോടെ അഭിഭാഷകന് മതിയായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരന്തരം തടസപ്പെടുന്നത് കക്ഷികളുമായുള്ള ആശയവിനിമയത്തെ ബാധിച്ചുവെന്ന് അഭിഭാഷകനായ സക്കര്‍ബര്‍ഗ് ആരോപിക്കുന്നു. തന്റെ നിയമ സ്ഥാപനത്തിന്റെ പരസ്യത്തിന് നല്‍കിയ തുകയില്‍ ആയിരക്കണക്കിന് ഡോളര്‍ നഷ്ടപ്പെട്ടു. തന്റെ അക്കൗണ്ട് സ്ഥിരമായി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം മെറ്റയോട് ആവശ്യപ്പെടുന്നു. അഭിഭാഷകന്റെ ഫീസും പരസ്യങ്ങള്‍ക്കായി നഷ്ടപ്പെട്ട പണവും തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിലൊന്നും നടപടിയാകാത്തതോടെയാടെയാണ് അദ്ദേഹം ലോകത്തെതന്നെ മുന്‍നിര ടെക് കമ്പനിയുടെ സിഇഒയ്‌ക്കെതിരെ നിയമ പോരാട്ടത്തിനിറങ്ങിയത്.

താന്‍ കേസില്‍ വിജയിക്കുമെന്ന് അഭിഭാഷകന്‍ വിശ്വസിക്കുന്നു. ‘ഇതൊന്നും തമാശയല്ല, അവര്‍ എന്റെ പണം കൈപ്പറ്റുമ്പോള്‍ ഒരിക്കലും തമാശയായി കണക്കാക്കാനാകില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തന്റെ ബിസിനസ് അക്കൗണ്ട് അഞ്ച് തവണയാണ് പൂട്ടിയത്. വ്യക്തിഗത അക്കൗണ്ടും നാല് തവണ മരവിപ്പിക്കപ്പെട്ടു. വ്യാജപ്പേര് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇതെല്ലാം. എത്രയോ കാലം മുമ്പേ എനിക്ക് ഈ പേരുണ്ട്. എന്നെക്കാള്‍ കൂടുതല്‍ പണവും അഭിഭാഷകരും സംവിധാനങ്ങളും അവര്‍ക്കുണ്ട്. അവരുമായി ഒരു വഴക്കിന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അവരെ എങ്ങനെ തടയണമെന്ന് എനിക്കറിയില്ല!’ അതുകൊണ്ടാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്ന് പാപ്പരത്ത കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകന്‍ ഇന്‍ഡ്യാനപൊളിസിലെ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അവര്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് കൃത്യമായി അപ്പീലുകള്‍ നല്‍കി. എന്നാല്‍ അവരില്‍ നിന്ന് ഒരു മറുപടിയുമില്ല. അവസാനത്തെ നടപടിക്ക് പിന്നാലെ അക്കൗണ്ട് തിരികെ ലഭിക്കാന്‍ ആറ് മാസത്തിലധികം എടുത്തു. ലോകത്തിലെ മുന്‍നിര ടെക് കമ്പനികളിലൊന്നാണെന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനത്തിന് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലേ? അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് കരുതുന്നുവെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Another Mark Zuckerberg files lawsuit against Meta CEO

Share Email
LATEST
More Articles
Top