കുപെർട്ടിനോ: അവിശ്വസനീയമായ രീതിയിൽ കട്ടി കുറഞ്ഞതും ടൈറ്റാനിയം ഫ്രെയിമിന്റെ കരുത്തുമുള്ള ‘ഐഫോൺ എയർ’ അവതരിപ്പിച്ച് ആപ്പിൾ. 5.6 മില്ലിമീറ്റർ കട്ടിയും, ടൈറ്റാനിയത്തിൽ നിർമിച്ച ബോഡിയും, പിന്നിൽ ഒരു ക്യാമറയും, 6.5 ഇഞ്ച് 120 ഹെർട്‌സ് പ്രോമോഷൻ സൂപ്പർ റെറ്റിന എക്സ്.ഡി.ആർ. ഡിസ്പ്ലേയും ഇതിന്റെ സവിശേഷതകളാണ്. ഫോണുകളിൽവെച്ച് ഏറ്റവും വേഗമേറിയ സി.പി.യു. ആണെന്ന് ആപ്പിൾ അവകാശപ്പെടുന്ന എ19 പ്രോ ചിപ്സെറ്റും ഫോണിന് കരുത്തേകുന്നു.
മടക്കി നിവർത്താൻ കഴിയുന്ന ഫോണുകൾ വിപണിയിൽ ട്രെൻഡായിക്കൊണ്ടിരിക്കുമ്പോൾ, കട്ടി കുറഞ്ഞ അൾട്രാ-തിൻ ഫോണുകളുമായിട്ടാണ് ആപ്പിളിന്റെ ഈ നീക്കം. ഐഫോൺ എയറിൽ ഫിസിക്കൽ സിം കാർഡ് ട്രേ ഒഴിവാക്കിയെങ്കിലും, 40 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുന്ന ബാറ്ററി സജ്ജമാക്കിയിട്ടുണ്ട്.
ക്യാമറ: 48 മെഗാപിക്സൽ ക്യാമറ സിസ്റ്റമാണ് ഐഫോൺ എയറിലുള്ളത്. എ.ഐ. ഉപയോഗിച്ച് 2X ഒപ്റ്റിക്കൽ ക്വാളിറ്റി സൂം വാഗ്ദാനം ചെയ്യുമെന്ന് ആപ്പിൾ വ്യക്തമാക്കി. 12 മെഗാപിക്സലിൽ ടെലിഫോട്ടോ ലെൻസ് ചിത്രങ്ങളും 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
മറ്റ് സവിശേഷതകൾ: വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0 എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകൾ. കറുപ്പ്, വെള്ള, ബീജ്, ഇളം നീല എന്നീ നിറങ്ങളിൽ സെപ്റ്റംബർ 19 മുതൽ ഫോൺ ലഭ്യമാകും.
ഐഫോൺ എയറിന്റെ വില
മോഡൽ | ഇന്ത്യയിലെ വില | യു.എസ്. വില
256 ജി.ബി. | ₹1,19,900 | $999
512 ജി.ബി. | ₹1,39,900 | $1,199
1 ടി.ബി. | ₹1,59,900 | $1,399
അടിമുടി പുതുമയിൽ ഐഫോൺ 17 ശ്രേണി
പുതിയ ഡിസൈനും അധിക ഫീച്ചറുകളും ഉൾപ്പെടുത്തിയ ഐഫോൺ 17 ശ്രേണി ഉപയോക്താക്കൾക്ക് പുതിയ അനുഭവമാകുമെന്ന് സി.ഇ.ഒ. ടിം കുക്ക് പ്രഖ്യാപിച്ചു. ക്യാമറകൾക്ക് ചുറ്റും ഉയർന്നുനിൽക്കുന്ന ‘ബംപി’ ഡിസൈൻ, ക്യാമറകളും വാതക ശീതീകരണ സംവിധാനവും ഉൾപ്പെടെ അടിമുടി പുതുമയോടെയാണ് ഈ ശ്രേണി വിപണിയിലെത്തുന്നത്.
ഐഫോൺ 17: 6.3 ഇഞ്ച് 120 ഹെർട്‌സ് ഓൾവേയ്‌സ് ഓൺ ഡിസ്‌പ്ലേ, സെറാമിക്-2 കവചം, സൂര്യപ്രകാശം പ്രതിഫലിപ്പിക്കാത്ത പ്രത്യേക സംരക്ഷണം എന്നിവ ഐഫോൺ 17-ന്റെ പ്രത്യേകതകളാണ്. നിർമിത ബുദ്ധി കൈകാര്യം ചെയ്യാൻ ശേഷിയുള്ള എ19 ചിപ്പിനൊപ്പം ഉയർന്ന റീഫ്രഷ് നിരക്കുള്ള സ്‌ക്രീൻ കൂടിയാകുമ്പോൾ ഗെയിമിംഗ് പ്രേമികൾക്കും ഫോൺ പ്രിയങ്കരമാകും.
- ക്യാമറ: ആപ്പിൾ ‘ഡ്യുവൽ ഫ്യൂഷൻ’ സിസ്റ്റമെന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറയും 2X ടെലിഫോട്ടോ ലെൻസും സംയോജിപ്പിക്കുന്നു. ചതുരാകൃതിയിലുള്ള 18 മെഗാപിക്സൽ മുൻ ക്യാമറ ലാൻഡ്സ്കേപ് ഫോട്ടോഗ്രാഫി എളുപ്പമാക്കും.
- വീഡിയോ കോളിംഗ്: ‘സെന്റർ സ്റ്റേജ്’ എന്ന പുതിയ ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- നിറങ്ങൾ: ലാവണ്ടർ, മിസ്റ്റ് ബ്ലൂ, കറുപ്പ്, വെള്ള, സേജ് എന്നീ നിറങ്ങളിൽ സെപ്റ്റംബർ 19 മുതൽ ഫോൺ ലഭ്യമാകും.
ഐഫോൺ 17 വില
മോഡൽ | ഇന്ത്യയിലെ വില | യു.എസ്. വില
256 ജി.ബി. | ₹82,900 | $799
512 ജി.ബി. | ₹1,02,900 | $999
ഐഫോൺ 17 പ്രോ
ഐഫോൺ 17 പ്രോയിൽ 3000 നിറ്റ്‌സ് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് ഓൾവേയ്‌സ് ഓൺ പ്രോമോഷൻ ഡിസ്‌പ്ലേയാണുള്ളത്. 3 നാനോമീറ്റർ രൂപകൽപ്പനയിൽ അധിഷ്ഠിതമായ എ19 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ഐഫോൺ 16-നെ അപേക്ഷിച്ച് നാലുമടങ്ങ് റെസല്യൂഷനിൽ ഫോട്ടോകൾ പകർത്താൻ ശേഷിയുള്ള 48 മെഗാപിക്സൽ ഡ്യുവൽ ഫ്യൂഷൻ ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. എയറോസ്‌പേസ് ഗ്രേഡ് 7000 സീരീസ് അലുമിനിയം ഉപയോഗിച്ച യൂണിബോഡി ഡിസൈനും, പോറലുകൾ തടയാൻ സെറാമിക്-2 സംരക്ഷണവും ഇതിനുണ്ട്. ഫോണിന്റെ ചൂട് നിയന്ത്രിക്കാൻ പുതിയ വാതക ശീതീകരണ സംവിധാനവുമുണ്ട്.
- വീഡിയോ ഫീച്ചറുകൾ: മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങൾ സംയോജിപ്പിക്കുന്ന ‘ഡിഫ്യൂഷൻ’ സാങ്കേതികതയും, ഡോൾബി വിഷൻ എച്ച്.ഡി.ആർ., പ്രോറെസ് റോ, ആപ്പിൾ ലോഗ്-2, ജെൻലോക്ക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
- നിറങ്ങൾ: വെള്ളി, കോസ്മിക് ഓറഞ്ച്, കടും നീല എന്നീ നിറങ്ങളിൽ സെപ്റ്റംബർ 19 മുതൽ ഫോൺ ലഭ്യമാകും.
ഐഫോൺ 17 പ്രോ വില
മോഡൽ | ഇന്ത്യയിലെ വില | യു.എസ്. വില
256 ജി.ബി. | ₹1,34,900 | $1,099
512 ജി.ബി. | ₹1,54,900 | $1,299
1 ടി.ബി. | ₹1,74,900 | $1,499
ഐഫോൺ 17 പ്രോ മാക്സ്
വലിയ 6.9 ഇഞ്ച്, 120 ഹെർട്‌സ്, 3000 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഓൾവേയ്‌സ് ഓൺ പ്രോമോഷൻ ഡിസ്‌പ്ലേയാണ് ഐഫോൺ 17 പ്രോ മാക്സിന്റെ പ്രത്യേകത. പ്രോ മോഡലിന് സമാനമായി എയറോസ്‌പേസ് ഗ്രേഡ് 7000 സീരീസ് അലുമിനിയം ഉപയോഗിച്ച യൂണിബോഡി ഡിസൈനും, സെറാമിക്-2 കോട്ടിംഗും ഇതിനുണ്ട്. 40 വാട്ട്സ് യു.എസ്.ബി.-സി ചാർജറിൽ 20 മിനിറ്റ് കൊണ്ട് 50% ചാർജ് ചെയ്യാവുന്ന വലിയ ബാറ്ററിയാണ് ഈ മോഡലിന്റെ മറ്റൊരു സവിശേഷത.
ഐഫോൺ 17 പ്രോ മാക്സ് വില
മോഡൽ | ഇന്ത്യയിലെ വില | യു.എസ്. വില
256 ജി.ബി. | ₹1,49,900 | $1,199
512 ജി.ബി. | ₹1,69,900 | $1,399
1 ടി.ബി. | ₹1,89,900 | $1,599
2 ടി.ബി. | ₹2,29,900 | $1,999
പുതിയ എയർപോഡുകളും ആപ്പിൾ വാച്ചുകളും
ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇയർഫോണുകളിലൊന്നായ എയർപോഡ്സ് പ്രോയുടെ പുതിയ പതിപ്പായ ‘എയർപോഡ്സ്-3’-യും ആപ്പിൾ പുറത്തിറക്കി. തത്സമയം ഭാഷകൾ വിവർത്തനം ചെയ്യാനുള്ള ശേഷി, ഹാർട്ട്‌റേറ്റ് സെൻസറുകൾ, മികച്ച ബാറ്ററി ലൈഫ്, ഓഡിയോ പ്രൊഫൈൽ, നോയ്സ് ക്യാൻസലേഷൻ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
പുതിയ ആപ്പിൾ വാച്ച് സീരീസ് 11-ൽ 5ജി മോഡവും കൂടുതൽ ശക്തമായ ബാറ്ററിയുമാണ് പ്രധാന പ്രത്യേകത. ബ്ലഡ് പ്രഷർ മോണിറ്റർ, പുതിയ സ്ലീപ് സ്കോർ സംവിധാനം എന്നിവയും ഇതിലുണ്ട്. സാറ്റലൈറ്റ് കണക്ടിവിറ്റിയും എസ്.ഒ.എസ്. സംവിധാനവുമുള്ള ആപ്പിൾ വാച്ച് അൾട്രാ -3 42 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.
Apple has unveiled its new iPhone 17 series, including the ultra-thin ‘iPhone Air,’ along with new AirPods and Apple Watches, featuring a range of technological and design upgrades.