ഹോളിവുഡ് വേദിയിൽ മുൻ ഭാര്യയെ പരിഹസിച്ച് അർനോൾഡ്; പകുതി സ്വത്ത് പരാമർശത്തിൽ വിവാദം കത്തുന്നു

ഹോളിവുഡ് വേദിയിൽ മുൻ ഭാര്യയെ പരിഹസിച്ച് അർനോൾഡ്; പകുതി സ്വത്ത് പരാമർശത്തിൽ വിവാദം കത്തുന്നു

കാലിഫോർണിയ: ഹോളിവുഡ് താരവും കാലിഫോർണിയയുടെ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസിനിഗർ മുൻ ഭാര്യ മരിയ ഷ്രിവറിനെതിരെ നടത്തിയ പരാമർശം വിവാദമായി. പ്രശസ്ത ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ക്രിസ് വാലസിന്റെ അനുസ്മരണ ചടങ്ങിൽ ഹോളിവുഡ് വേദിയിൽ വച്ചാണ് അർനോൾഡ് പരാമർശം നടത്തിയത്. “ഞാൻ ഒരു മാധ്യമപ്രവർത്തകയെ വിവാഹം കഴിച്ചു, പക്ഷേ ക്രിസ് വാലസ് എന്റെ പകുതി സ്വത്ത് എടുത്തില്ല,” എന്നായിരുന്നു മരിയയെ ഉദ്ദേശിച്ചുള്ള അർനോൾഡിന്റെ പരിഹാസം. 25 വർഷത്തോളം വിവാഹിതരായിരുന്ന ഇവർക്ക് നാല് മക്കളുണ്ട്. 2011-ൽ അർനോൾഡിന്റെ വിവാഹേതര ബന്ധങ്ങൾ മൂലം ഇവർ വേർപിരിഞ്ഞു.

അർനോൾഡിന്റെ വീട്ടുജോലിക്കാരിയിൽ ജനിച്ച മകൻ ജോസഫ് ബേനയെ വർഷങ്ങൾക്കു ശേഷം അദ്ദേഹം അംഗീകരിച്ചിരുന്നു. വിവാഹമോചന സമയത്ത് മരിയയ്ക്ക് ജീവനാംശമായി അർനോൾഡിന്റെ പകുതി സ്വത്ത് ലഭിച്ചതാണ് പരാമർശത്തിന് ആധാരം. മരിയ, എബിസി മാധ്യമത്തിലെ റിപ്പോർട്ടറായിരുന്നു. 2011-ൽ വേർപിരിഞ്ഞെങ്കിലും 2021-ലാണ് ഇവരുടെ വിവാഹമോചനം പൂർണമായി തീർപ്പാക്കിയത്.

നിലവിൽ അർനോൾഡിന്റെ ജീവിത പങ്കാളി ഫിസിക്കൽ തെറാപിസ്റ്റായ ഹീതർ മില്ലിഗനാണ്. 2013 മുതൽ ഇവർ പ്രണയത്തിലാണ്, പല പൊതുവേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മരിയയുടെ ഇപ്പോഴത്തെ പങ്കാളി പൊളിറ്റിക്കൽ കൺസൽറ്റന്റായ മൗത്യു ഡൗഡാണ്. പരാമർശം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Share Email
LATEST
Top