ഇന്ത്യ-യുഎസ് വ്യാപാര ധാരണകളെക്കുറിച്ച് ചൊവ്വാഴ്ച വീണ്ടും ചർച്ച ആരംഭിക്കുമ്പോൾ ഉയരുന്നത് പ്രതീക്ഷക്കൊപ്പം പുതിയ വെല്ലുവിളികളും

ഇന്ത്യ-യുഎസ് വ്യാപാര ധാരണകളെക്കുറിച്ച് ചൊവ്വാഴ്ച വീണ്ടും ചർച്ച ആരംഭിക്കുമ്പോൾ ഉയരുന്നത് പ്രതീക്ഷക്കൊപ്പം പുതിയ  വെല്ലുവിളികളും

ന്യൂഡൽഹി: യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും ഇന്ത്യൻ വാണിജ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളും ന്യൂഡൽഹിയിൽ ഉഭയകക്ഷിനടത്തും. ഇന്ത്യൻ കാർഷിക, ക്ഷീര മേഖല തുറന്നുകിട്ടാനുള്ള യുഎസിന്റെ താൽപര്യം ഈ ചർച്ചകളിൽ നിർണായകമാകും. എന്നാൽ, രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനമാർഗമായ കാർഷിക, ക്ഷീര മേഖല പൂർണമായി തുറന്നുനൽകാൻ ഇന്ത്യ തയാറാവില്ല. ഈ വർഷം മാർച്ചിൽ ആരംഭിച്ച വ്യാപാര ചർച്ചകൾ ഒക്ടോബർ-നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ട്രംപിന്റെ താരിഫ് യുദ്ധത്തെത്തുടർന്ന് ചർച്ചകൾ നീണ്ടുപോവുകയായിരുന്നു.

യുഎസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘമാണ് യുഎസിൽനിന്ന് ഡൽഹിയിൽ എത്തുന്നത്. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കും. ഇന്ത്യയ്ക്കുമേൽ തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലിയാണ് ട്രംപ് ഇടഞ്ഞത്. തുടർന്ന് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഓഗസ്റ്റ് 25-ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ചർച്ചകൾ പുനരാരംഭിക്കാൻ ഒരുങ്ങുമ്പോൾ, യുഎസ് വീണ്ടും സമ്മർദതന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അന്ന് എണ്ണയായിരുന്നെങ്കിൽ ഇന്ന് ആയുധമാക്കുന്നത് ചോളത്തെയാണ്. അമേരിക്കൻ ചോളം ഇന്ത്യ വേണ്ടത്ര ഇറക്കുമതി ചെയ്യുന്നില്ലെന്നാണ് യുഎസിന്റെ പരാതി.

അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്ക് ആണ് ഇത്തവണ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 140 കോടി ജനങ്ങളുണ്ടെന്ന് വീമ്പ് പറയുന്ന ഇന്ത്യ, കുറഞ്ഞ അളവിൽ പോലും അമേരിക്കൻ ചോളം വാങ്ങാൻ തയാറാകുന്നില്ലെന്ന് ലുട്‌നിക്ക് കുറ്റപ്പെടുത്തി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന വ്യാപാര നിലപാടാണ് അദ്ദേഹത്തിന്റെ വിമർശനത്തിന് പ്രധാന ലക്ഷ്യം. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ കുറച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ലുട്‌നിക്ക് മുന്നറിയിപ്പ് നൽകി. “അവർ (ഇന്ത്യ) നമുക്ക് ഉത്പന്നങ്ങൾ വിൽക്കുകയും അതിന്റെ ആനുകൂല്യം നേടുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ ഉത്പന്നങ്ങളെ അവരുടെ സമ്പദ്‌വ്യവസ്ഥയിൽ തടയുന്നു. നമ്മൾ തുറന്നിട്ട വാണിജ്യമേഖലയുടെ നേട്ടം അവർ കൊയ്യുന്നു. ഇന്ത്യ-യുഎസ് വ്യാപാര ബന്ധം ‘വൺവേ’ ആണ്,” ലുട്‌നിക്ക് പറഞ്ഞു.

“140 കോടി ജനങ്ങളുണ്ടെന്ന് ഇന്ത്യ വീമ്പ് പറയുന്നു. ഈ 140 കോടി ജനങ്ങൾക്ക് ഒരു ബുഷെൽ (ഏകദേശം 35 ലിറ്ററിന് തുല്യം) ചോളമെങ്കിലും യുഎസിൽ നിന്ന് എന്തുകൊണ്ട് വാങ്ങിക്കൂടാ? അവർ എല്ലാം നമുക്ക് വിൽക്കുന്നു, എന്നാൽ നമ്മുടെ ചോളം പോലും വാങ്ങുന്നില്ല. ഇത് നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നില്ലേ? എല്ലാ ഉത്പന്നങ്ങൾക്കും അവർ നികുതി ചുമത്തിയിരിക്കുകയാണ്,” ഒരു അഭിമുഖത്തിനിടെ ലുട്‌നിക്ക് ചോദിച്ചു. നികുതി കുറയ്ക്കാൻ ട്രംപ് തന്നെ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും “ഞങ്ങൾ നിങ്ങളെ പരിഗണിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും പരിഗണിക്കൂ” എന്ന് പറഞ്ഞിട്ടുണ്ടെന്നും ലുട്‌നിക്ക് വ്യക്തമാക്കി. ഇത് സ്വീകരിക്കുകയോ അല്ലെങ്കിൽ കടുത്ത നടപടികളെ നേരിടുകയോ ചെയ്യാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎം ചോളവും ഇന്ത്യയുടെ നിലപാടും

യുഎസിൽ ഉത്പാദിപ്പിക്കുന്ന ചോളത്തിൽ ഭൂരിഭാഗവും ജനിതകമാറ്റം വരുത്തിയ (Genetically Modified – GM) ഇനമാണ്. ഭക്ഷ്യശൃംഖലയ്ക്ക് ഭീഷണിയാകുമെന്ന കാരണത്താൽ ഇന്ത്യ ജിഎം ചോളം ഇറക്കുമതി ചെയ്യുന്നില്ല. മാത്രമല്ല, രാജ്യത്ത് ജിഎം ചോളം ഉത്പാദിപ്പിക്കുന്നുമില്ല. നേരത്തെ, എഥനോൾ ഉത്പാദനത്തിനായി ജിഎം ചോളം കൃഷി ചെയ്യാനുള്ള നിർദേശം നീതി ആയോഗ് മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇന്ത്യ നിലപാട് മാറ്റിയിരുന്നില്ല.

യുഎസിൽ ജിഎം ചോളം ഉത്പാദിപ്പിക്കുന്നതിനാൽ ഇതിന് വില കുറവാണ്. മനുഷ്യന്റെ ആവശ്യങ്ങൾക്ക് പുറമേ വളർത്തുമൃഗങ്ങളുടെ തീറ്റയായും യുഎസ് ചോളം ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ചോളം ഇറക്കുമതി വെറും 1,100 ടൺ മാത്രമാണ്. എന്നാൽ, ഇതേ കാലയളവിൽ ഇന്ത്യ മ്യാൻമറിൽനിന്ന് 5.3 ലക്ഷം ടണ്ണും യുക്രെയ്നിൽനിന്ന് 3.9 ലക്ഷം ടണ്ണും ചോളം ഇറക്കുമതി ചെയ്തു.

ചോളത്തിന്റെ പേരിൽ പോര് എന്തിന്?

ബിബിസി റിപ്പോർട്ട് പ്രകാരം, യുഎസ് കാർഷിക സംഘടനകൾ ട്രംപ് സർക്കാരിനുമേൽ വലിയ സമ്മർദം ചെലുത്തുന്നുണ്ട്. ചൈനയുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഏപ്രിൽ മുതൽ യുഎസും ചൈനയും തമ്മിൽ വ്യാപാരയുദ്ധം നടക്കുകയാണ്. ഇതോടെ, അമേരിക്കൻ വിളകൾക്ക് ചൈനയിൽനിന്നുണ്ടായിരുന്ന ഓർഡറുകൾ വൻതോതിൽ കുറഞ്ഞു. ഇത് പല യുഎസ് കാർഷിക ഗ്രൂപ്പുകളെയും സാമ്പത്തികമായി തകർത്തു. ചൈനയും യുഎസും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനാൽ യുഎസ് ഇന്ത്യൻ കാർഷിക വിപണിയിൽ പുതിയ സാധ്യതകൾ തേടുകയാണ്.

As India-US trade talks resume on Tuesday, new challenges emerge alongside hope

Share Email
More Articles
Top