ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ.) രംഗത്തെ ആഗോള മത്സരത്തിൽ പങ്കുചേരാൻ ഇന്ത്യ ഒരുങ്ങുന്നു. രാജ്യത്തിന്റെ ‘ഇന്ത്യ എ.ഐ. മിഷന്റെ’ ഭാഗമായി ശക്തമായ ലാർജ് ലാംഗ്വേജ് മോഡൽ (എൽ.എൽ.എം.) നിർമിക്കുന്നതിനായി എട്ടോളം സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ബോംബെ ഐ.ഐ.ടി., ടെക് മഹീന്ദ്ര, ഫ്രാക്ടൽ അനലിറ്റിക്സ് തുടങ്ങിയവയാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ. സെപ്റ്റംബർ 18-ന് ന്യൂഡൽഹിയിൽ നടന്ന ‘എ.ഐ. ഇംപാക്ട് സമ്മിറ്റ് 2026’ പ്രഖ്യാപനച്ചടങ്ങിൽ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വിവരങ്ങൾ അറിയിച്ചത്.
ഒരു ലക്ഷം കോടി പാരാമീറ്ററുകളുള്ള (1 trillion parameter) ലാർജ് ലാംഗ്വേജ് മോഡൽ നിർമിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. നിലവിൽ ലോകത്ത് നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതിശക്തമായ എൽ.എൽ.എമ്മുകൾക്ക് ഒപ്പം നിൽക്കാൻ കഴിയുന്ന മോഡലായിരിക്കും ഇത്. ഈ ദൗത്യത്തിന് പിന്തുണ നൽകാൻ 988.6 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
എന്താണ് പാരാമീറ്ററുകൾ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ, ഒരു ഡാറ്റയിലെ വിവിധ പാറ്റേണുകളും ബന്ധങ്ങളും തിരിച്ചറിയാൻ എ.ഐ. മോഡലിനെ സഹായിക്കുന്ന ആന്തരിക വേരിയബിളുകളാണ് പാരാമീറ്ററുകൾ. ഡാറ്റ ലഭിക്കുമ്പോൾ അത് വിശകലനം ചെയ്യാൻ എ.ഐ. മോഡൽ പാരാമീറ്ററുകൾ ഉപയോഗിക്കുന്നു. പാരാമീറ്ററുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഒരു ചോദ്യം കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാനുള്ള എ.ഐ. മോഡലിന്റെ കഴിവ് വർധിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ലക്ഷം കോടി പാരാമീറ്ററുകളുള്ള ഒരു മോഡൽ വികസിപ്പിക്കുന്നത് എ.ഐ. രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ലാണ്.
തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ:
- അവതാർ എ.ഐ.
- ഐ.ഐ.ടി. ബോംബെ കൺസോർഷ്യം- ഭാരത്‌ജെൻ
- ഫ്രാക്ടൽ അനലിറ്റിക്സ് ലിമിറ്റഡ്
- ടെക് മഹീന്ദ്ര ലിമിറ്റഡ്
- സെയ്ൻടെഖ് ഐടെക് ഇന്നൊവേഷൻസ്
- ജെൻലൂപ്പ് ഇന്റലിജൻസ് പ്രൈവറ്റ് ലിമിറ്റഡ്
- ന്യൂറോ ഡിഎക്സ് (ഇന്റലിഹെൽത്ത്)
- ശോധ് എ.ഐ.
ഈ കമ്പനികൾ വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഫൗണ്ടേഷണൽ എ.ഐ. മോഡലുകൾ നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നേരത്തെ, ‘ഇന്ത്യ എ.ഐ. മിഷന്’ കീഴിൽ സോകേത് എ.ഐ., ജ്ഞാനി എ.ഐ., ഗാൻ എ.ഐ. തുടങ്ങിയ സ്റ്റാർട്ടപ്പുകളെയും തിരഞ്ഞെടുത്തിരുന്നു. ഈ സ്ഥാപനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് രാജ്യത്തെ ക്ലൗഡ്, ഡാറ്റാ സെന്റർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്.
അടുത്ത വർഷം ഫെബ്രുവരിയിൽ ‘എ.ഐ. ഇംപാക്ട് സമ്മിറ്റ്’ നടക്കുമ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു മോഡലോ മോഡലുകളോ ഉണ്ടാകുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. വരുംദിവസങ്ങളിൽ എ.ഐ. സംവിധാനങ്ങൾ നിർമ്മിക്കുന്നതിനും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു എ.ഐ. ചട്ടക്കൂട് സർക്കാർ അവതരിപ്പിക്കും.
As part of the ‘India AI Mission,’ the central government has selected eight companies, including IIT Bombay and Tech Mahindra, to build a powerful Large Language Model (LLM)