ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ തകർത്ത് ചാമ്പ്യൻമാരായതിന് പിന്നാലെ, സമ്മാനദാന ചടങ്ങിൽ ചാമ്പ്യൻ ട്രോഫിയും അവാർഡുകളും സ്വീകരിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രതിഷേധിച്ചു. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‍വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനെന്ന നിലയിൽ ട്രോഫി നൽകാനെത്തിയതിലുള്ള കടുത്ത എതിർപ്പാണ് ഇന്ത്യൻ ടീം അറിയിച്ചത്.
മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വേദിയിൽ തുടരുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങാതെ മടങ്ങുകയായിരുന്നു.
ഇന്ത്യൻ ടീം ദുബായിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഒമ്പതാമത് ഏഷ്യാ കപ്പ് കിരീടം നേടിയത്. വിജയം നേടിയ ഉടൻ കളിക്കാർ പോഡിയത്തിൽ എത്തി ആഘോഷിച്ചെങ്കിലും ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചു. പാക് താരങ്ങളുമായി ഹസ്തദാനം നൽകില്ലെന്ന ഇന്ത്യയുടെ നിലപാടും ഈ തീരുമാനത്തിന് കാരണമായി. ഒരു ചാമ്പ്യൻ ടീമിന് ട്രോഫി നിഷേധിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും, കഠിനാധ്വാനം ചെയ്ത് നേടിയ വിജയമാണിതെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പോസ്റ്റ്-മാച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ട്രോഫി വൈകിയതിനെ തുടർന്ന് അവതരണ ചടങ്ങ് ഒരു മണിക്കൂറോളം വൈകിയിരുന്നു. വ്യക്തിഗത അവാർഡുകൾ മറ്റ് വിശിഷ്ട വ്യക്തികളിൽ നിന്നും സ്വീകരിച്ച ശേഷം ഇന്ത്യൻ കളിക്കാർ സ്റ്റേഡിയം വിട്ടു.