ഏഷ്യാ കപ്പ്: ഇന്ത്യ ഫൈനലിൽ, ബംഗ്ലാദേശിനെ 41 റൺസിന് തകർത്തു

ഏഷ്യാ കപ്പ്: ഇന്ത്യ ഫൈനലിൽ, ബംഗ്ലാദേശിനെ 41 റൺസിന് തകർത്തു

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്തായി. ഇന്ത്യയുടെ ഈ ജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി. വ്യാഴാഴ്ച നടക്കുന്ന പാകിസ്താൻ – ബംഗ്ലാദേശ് മത്സരത്തിലെ വിജയികൾ ഫൈനലിൽ ഇന്ത്യയെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. അഭിഷേക് ശർമയുടെ അർധസെഞ്ചുറിയാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ആദ്യ മൂന്ന് ഓവറിൽ പതിയെ കളിച്ച ഇരുവരും പിന്നീട് സ്കോറിങ്ങിന് വേഗത കൂട്ടി. നാലാം ഓവറിൽ 21 റൺസും പിന്നീടുള്ള രണ്ട് ഓവറുകളിൽ 17 റൺസ് വീതവും നേടിയതോടെ പവർപ്ലേയിൽ ഇന്ത്യ 72 റൺസെടുത്തു.

എന്നാൽ ഏഴാം ഓവറിൽ റിഷാദ് ഹൊസൈന്റെ പന്തിൽ ശുഭ്മാൻ ഗിൽ (19 പന്തിൽ 29) പുറത്തായതോടെ ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നാലെ വന്ന ശിവം ദുബെ (1), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (5), തിലക് വർമ (5) എന്നിവർ നിരാശപ്പെടുത്തി. ഈ സമയത്ത് അഭിഷേക് ശർമ (37 പന്തിൽ 75) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഒടുവിൽ ഹാർദിക് പാണ്ഡ്യ (38), അക്ഷർ പട്ടേൽ (10*) എന്നിവർ ചേർന്ന് ഇന്ത്യൻ സ്കോർ 150 കടത്തി.

169 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ തൻസിദ് ഹസനെ (1) നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്കായിരുന്നു വിക്കറ്റ്. തുടർന്ന് സെയ്ഫ് ഹസ്സനും പർവേസ് ഹുസൈനും ചേർന്ന് സ്കോർ ഉയർത്തി. പവർപ്ലേയിൽ ബംഗ്ലാദേശ് 44-1 എന്ന നിലയിലായിരുന്നു. എന്നാൽ, കുൽദീപ് യാദവ് പർവേസ് ഹുസൈനെ (21) പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ തുടർച്ചയായി വീണു. തൗഹിദ് ഹൃദോയ് (7), ഷമീം ഹൊസൈൻ (0), ജാക്കർ അലി (4) എന്നിവർ വേഗത്തിൽ പുറത്തായതോടെ ബംഗ്ലാദേശ് 87-5 എന്ന നിലയിലായി.

വിക്കറ്റുകൾ വീഴുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റ് ചെയ്ത സെയ്ഫ് ഹസ്സൻ അർധസെഞ്ചുറി തികച്ച് ടീമിന് പ്രതീക്ഷ നൽകി. എന്നാൽ, മറ്റ് ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാനായില്ല. മുഹമ്മദ് സൈഫുദീൻ (4), റിഷാദ് ഹുസൈൻ (2), തൻസിം ഹസൻ (0) എന്നിവർ പെട്ടെന്ന് പുറത്തായി. സെയ്ഫ് ഹസ്സൻ 69 റൺസെടുത്ത് പുറത്തായതോടെ ബംഗ്ലാദേശിന്റെ പരാജയം ഉറപ്പിച്ചു. ഒടുവിൽ ടീം 127 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Asia Cup: India reaches final, beats Bangladesh by 41 runs

Share Email
LATEST
Top