ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ച് മോശം പരാമർശങ്ങൾ, തിരുത്താൻ വിസമ്മതം: ഓസ്ട്രേലിയൻ സെനറ്ററെ പുറത്താക്കി

ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ച് മോശം പരാമർശങ്ങൾ, തിരുത്താൻ വിസമ്മതം: ഓസ്ട്രേലിയൻ സെനറ്ററെ പുറത്താക്കി

സിഡ്‌നി: ഇന്ത്യൻ കുടിയേറ്റക്കാരെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് ഇതു തിരുത്താൻ വിസമ്മതിക്കുകയും ചെയ്ത സെനറ്ററെ പുറത്താക്കി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ആശങ്കകൾ ഉണ്ടെന്നും ലേബർ പാർട്ടി നയിക്കുന്ന പ്രധാനമന്ത്രി ആന്തണി അൽബനീസിന് അതുകൊണ്ട് പ്രയോജനമുള്ളതിനാലാണ് ഇന്ത്യക്കാർക്ക് വലിയ തോതിൽ കുടിയേറ്റത്തിന് അനുമതി നൽകുന്നത് എന്നുമായിരുന്നു ജെസിന്ത നമ്പിജിൻപ പ്രൈസിന്റെ പരാമർശം.

മധ്യ-വലതുപക്ഷ ലിബറൽ പാർട്ടിയുടെ സെനറ്ററായ ജസിന്ത നമ്പിജിൻപ പ്രൈസാണ് റേഡിയോ അഭിമുഖത്തിനിടെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെ രൂക്ഷമായ പരാമർശം നടത്തിയത്. പ്രതിപക്ഷത്തിന്റെ നിഴൽ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജസിന്ത പക്ഷെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കാനോ തിരുത്താനോ തയ്യാറായിരുന്നില്ല.

സെനറ്റർ ജെസിന്ത നമ്പിജിൻപ പ്രൈസ് ഇന്ത്യൻ ഓസ്ട്രേലിയക്കാർക്ക് വളരെയധികം വേദനയുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തിയതായി ഓസ്ട്രേലിയൻ പ്രതിപക്ഷ നേതാവ് സൂസൻ ലേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ആ പരാമർശങ്ങൾ തെറ്റായിരുന്നു, അത് നടത്താൻ പാടില്ലായിരുന്നു. മാപ്പ് പറയാൻ സമയവും അവസരവും നൽകിയിട്ടും സെനറ്റർ ജസിന്ത ഖേദം പ്രകടിപ്പിച്ചില്ല.’ അവർ കുറ്റപ്പെടുത്തി.

ലേയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇന്ത്യൻ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മറിച്ച് കുടിയേറ്റത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും ജെസിന്ത പിന്നീട് പറഞ്ഞു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായ ഇന്ത്യൻ സമൂഹത്തെ കുറിച്ചുള്ള ജെസിന്തയുടെ പരാമർശങ്ങൾ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മെയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയയിലെ പ്രതിപക്ഷ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജെസിന്ത പ്രൈസ് നാഷണൽസ് പാർട്ടിയിൽനിന്ന് ലിബറൽ പാർട്ടിയിലേക്ക് കൂറുമാറിയത്.

Australian senator expelled for making derogatory remarks about Indian immigrants, refusing to correct them

Share Email
LATEST
More Articles
Top