പന്തളം (പത്തനംതിട്ട): സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് സമാന്തരമായി ഹിന്ദു ഐക്യവേദി ആഗോള അയ്യപ്പ ഹൈന്ദവ സംഗമം നടത്തുന്നു. ഈ മാസം 22-ന് പന്തളത്ത് നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ പുരോഹിതരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം 20-ന് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാനിരിക്കെയാണ് ഹിന്ദു ഐക്യവേദിയുടെ നീക്കം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധാകേന്ദ്രമായിരുന്ന പന്തളത്താണ് സമാന്തര സംഗമം നടക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളുടെ പിന്തുണ തേടി ഹിന്ദു ഐക്യവേദി പ്രതിനിധികൾ ചർച്ചകൾ നടത്തുന്നുണ്ട്. ഓണത്തിന് ശേഷം കൂടുതൽ സംഘടനകളെ ക്ഷണിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
അതേസമയം, സർക്കാർ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ആവശ്യകതകൾ വിശദീകരിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശനിയാഴ്ച പന്തളം കൊട്ടാരത്തിൽ എത്താനിരിക്കെയാണ് സമാന്തര സമ്മേളനത്തിന്റെ വിവരം പുറത്തുവരുന്നത്. പന്തളം കൊട്ടാരം പ്രതിനിധികൾ അന്തിമ തീരുമാനം ഓണത്തിന് ശേഷം എടുക്കുമെന്ന് അറിയിച്ചു.
ശബരിമല യുവതീപ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം. ഈ വിഷയം അവസാനിപ്പിച്ചുവെന്ന് പറയുന്നത് അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്. ദേവസ്വം ബോർഡിനും സർക്കാരിനും ഭക്തരോട് ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനുമുമ്പ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനുള്ള സി.പി.എം. ശ്രമം വിലപ്പോവില്ല. ദേവസ്വം ബോർഡും സർക്കാരും സി.പി.എമ്മും നടത്തുന്നത് ആത്മാർത്ഥമായ നീക്കമല്ല, മറിച്ച് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്. 2018-ൽ സി.പി.എമ്മും എൽ.ഡി.എഫ്. സർക്കാരും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കി. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്ത പിണറായി സർക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും മറക്കില്ല. നാമം ജപിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ച് ഭക്തർക്ക് നീതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയതും രഹന ഫാത്തിമ അടക്കമുള്ളവരെ മലയിലേക്ക് എത്തിച്ചതും സി.പി.എമ്മിന്റെ സഹായത്തോടെയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇത് ഭക്തർക്കുവേണ്ടിയുള്ള സംഗമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമം വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ഈ മാസം ഇരുപതിന് പമ്പാ തീരത്തു നടത്തുന്ന അയ്യപ്പ സംഗമത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിശ്വാസീസംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും സംഗമത്തിന് എത്തിയേക്കും. വിവിധ രാജ‍്യങ്ങളിൽ നിന്നായി 3000 പ്രതിനിധികൾ എന്നാണു സർക്കാർ പറയുന്നത്. ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം നടത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമായി ഉയർത്തുന്നതു ലക്ഷ്യമിട്ടുള്ള നടപടികളിലാണ് ഈ സംഗമത്തെ സർക്കാർ കണക്കുകൂട്ടുന്നത്. വികസന പ്രവർത്തനങ്ങളിൽ ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിർദേശം സ്വീകരിക്കുമെന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചിട്ടുണ്ട്. 1300 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും ശബരിമല വിമാനത്താവളത്തിനും റെയ്‌ൽ പാതയ്ക്കുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറയുന്നു.
വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. ശബരിമലയിലെത്തുന്ന ഭക്തർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒരുക്കുകയും വേണം. ലക്ഷക്കണക്കിനു വിശ്വാസികളെ ഏറ്റവും നല്ല രീതിയിൽ സ്വീകരിക്കാനും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും സർക്കാരും ദേവസ്വം ബോർഡും താത്പര്യം കാണിക്കുന്നുവെങ്കിൽ അതിനെ എന്തിന് എതിർക്കണം. എന്നാൽ, ഈ സംഗമം രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നതാണു നിർഭാഗ്യകരമായിട്ടുള്ളത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് വിശ്വാസികൾക്കെതിരായിരുന്നുവെന്നും അതിനു തിരിച്ചടിയുണ്ടായതുകൊണ്ട് ഇപ്പോൾ വിശ്വാസികൾക്കു വേണ്ടിയെന്നു പറഞ്ഞു രംഗത്തുവരുന്നു എന്നുമാണ് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തുന്നത്. ദേവസ്വം ബോർഡിനെ മുന്നിൽ നിർത്തുന്നുണ്ടെങ്കിലും സർക്കാരിന്‍റെ രാഷ്ട്രീയ താത്പര്യം മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിനു പിന്നിലുള്ളതെന്നാണ് അവരുടെ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുമ്പോൾ അയ്യപ്പഭക്തരുടെ വോട്ട് ലക്ഷ്യമാക്കിയുള്ള സർക്കാർ നീക്കമാണിതെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു സംഗമം സംഘടിപ്പിക്കുന്നതെന്നു സർക്കാർ വൃത്തങ്ങളും അവകാശപ്പെടുന്നു.
ഇതിനിടെ, അയ്യപ്പ സംഗമത്തിനു ബദലായി ഈ മാസം 22ന് പന്തളത്ത് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കാനും ശ്രമം നടക്കുന്നു. ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും ഈ സംഗമത്തിനു പ്രധാന പങ്കു വഹിക്കുന്നു. സർക്കാരിന്‍റെ അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തട്ടിപ്പാണെന്ന വാദമാണ് വിശ്വാസ സംഗമത്തെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. എന്തായാലും അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനോടു ചില വിശദീകരണങ്ങൾ തേടിയിട്ടുണ്ട്. സംഗമത്തിന്‍റെ നടത്തിപ്പ്, സാമ്പത്തിക ചെലവുകൾ, ഫണ്ട് സമാഹരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും മറുപടി നൽകണമെന്നു കോടതി നിർദേശിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സ്പോൺസർഷിപ്പ് പോലുള്ള കാര്യങ്ങളിൽ വ്യക്തതയും സുതാര്യതയുമുണ്ടാവേണ്ടത് അത്യാവശ്യം തന്നെയാണ്.
മുൻപ് ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ചു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതു സംബന്ധിച്ച് സർക്കാരും ദേവസ്വം ബോർഡും ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. സിപിഎമ്മും സർക്കാരും വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിശദീകരിച്ചിട്ടുണ്ട്. യുവതീപ്രവേശനം അടഞ്ഞ അധ്യായമാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമായി തന്നെ പറയുന്നു. ശബരിമലക്കാര്യത്തിൽ നിലപാട് സ്വീകരിച്ചപ്പോൾ സിപിഎമ്മിനു തെറ്റുപറ്റിയെന്ന് ഇപ്പോൾ അവർക്കു ബോധ്യപ്പെടുന്നുവെന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്.
Ayyappa Sangam: Hindu Aikya Vedi’s Ayyappa Sangam to be held in Pandalam on 22nd as an alternative to the government; Amit Shah to attend