പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പു പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതില്‍ ഹൈേേക്കാടതി സംശയവും കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയത് ഒരു വശത്തു നില്ക്കുമ്പോള്‍ മറുവശത്ത് പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങളുമായി സര്‍ക്കാര്‍.
1999-ല്‍ തന്നെ ദ്വാരപാലക ശില്പങ്ങളില്‍ പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശിയതിനു തെളിവ് ഉണ്ടെന്നും ഏതു സാഹചര്യത്തിലാണ് പിന്നീട് വീണ്ടും 2019-ല്‍ ഈ ശില്പങ്ങള്‍ സ്വര്‍ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്.
ഇക്കാര്യത്തില്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനം ഹൈക്കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായ സമയത്തു തന്നെയാണ് ആഗോള അയ്യപ്പ സംഗമെന്നതും ശ്രദ്ദേയമാണ്.
പമ്പാ തീരം അയ്യപ്പ സംഗമത്തിനായി ഒരുങ്ങി.
നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3,000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്.
പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
സംഗമത്തില്‍ മൂന്ന് സമാന്തര സെഷനും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷന്‍ ശബരിമല മാസ്റ്റര്‍പ്ലാനിനെ കുറിച്ചാണ്. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീര്‍ത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെ കുറിച്ച് സെഷനില്‍ ചര്‍ച്ച ചെയ്യും.
ആധുനിക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.രണ്ടാമത്തെ സെഷന്‍ ‘ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍’ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതില്‍ ചര്‍ച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖര്‍ തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷന്‍ ‘ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീ കരണങ്ങളും’ എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ധര്‍, സാങ്കേതിക പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നതാകും ഈ സെഷനില്‍ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്യും.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിന് ശേഷം ഗായകന്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് സമാപന സമ്മേളനം. പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനും അവസരമുണ്ട്.
Ayyappa Sangam to be held in Pampa tomorrow amid Dwarpalaka gold plaque controversy