തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിനെ വീണ്ടും സ്ഥലംമാറ്റി സർക്കാർ. പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. സെപ്റ്റംബർ 17 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. മുമ്പ് അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാനായി മാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഈ കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് സർക്കാർ പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.
അശോകിന് പകരം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതയായ ടിങ്കു ബിസ്വാൾ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനവും വഹിക്കും. കേര പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ തുടർന്നാണ് അശോകിനെതിരെ ആദ്യം നടപടിയുണ്ടായത്. ലോകബാങ്കിന്റെ ഫണ്ട് വകമാറ്റിയ വിവരം മാധ്യമങ്ങൾക്ക് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട അശോക്, മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ മാത്രം കൈകാര്യം ചെയ്ത ഫയൽ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എന്നതിനെക്കുറിച്ച് ഈ റിപ്പോർട്ടിൽ സൂചനകളുണ്ടായിരുന്നു.













