ന്യൂഡൽഹി: ബാബരി മസ്ജിദ് , ക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്നും, അതിന് പുരാവസ്തുപരമായ തെളിവുകളുണ്ടെന്നും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അയോധ്യ വിഷയത്തിൽ അദ്ദേഹം നടത്തിയ ഈ പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
1949 ഡിസംബറിൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചത് പോലുള്ള സംഭവങ്ങൾ ഹിന്ദു കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അവഹേളനമാണോ എന്ന ചോദ്യത്തിന്, പള്ളി നിർമ്മിച്ചത് തന്നെ അടിസ്ഥാനപരമായി ഒരു അവഹേളനമാണെന്ന് ചന്ദ്രചൂഡ് മറുപടി നൽകി.
എന്നാൽ, ഈ പരാമർശം 2019-ലെ അയോധ്യ വിധിക്ക് വിരുദ്ധമാണെന്ന് അഭിമുഖകൻ ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രം തകർത്താണ് ബാബരി മസ്ജിദ് നിർമ്മിച്ചതെന്ന നിഗമനത്തിലെത്താൻ തെളിവുകളില്ലെന്ന് വിധിയിൽ രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അയോധ്യ കേസിൽ വിധി പ്രസ്താവിച്ചത്.
ഇതിന് മറുപടിയായി ചന്ദ്രചൂഡ് ഇങ്ങനെ പ്രതികരിച്ചു: ‘പള്ളിക്ക് താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് പുരാവസ്തുപരമായ തെളിവുകൾ കോടതി കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിൽ സംഭവിച്ചത് നമുക്ക് എങ്ങനെ കണ്ണടച്ച് നിഷേധിക്കാനാകും?’ പുരാവസ്തു ഖനനത്തിൽ നിന്ന് മതിയായ തെളിവുകൾ ലഭിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിധി വിമർശിക്കുന്നവർ അത് ശരിയായി വായിച്ചിട്ടില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. ‘ഭൂമി വിഭജിച്ച് ഇരുവിഭാഗങ്ങൾക്കും നൽകിയിരുന്നെങ്കിൽ എന്ന് ചിലർ പറയുന്നു. എന്നാൽ, ജനങ്ങൾ അവിടെ സമാധാനപരമായി കഴിഞ്ഞിരുന്നെങ്കിൽ ഒരു ജുഡീഷ്യൽ തീരുമാനത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. തെളിവുകളുടെയും നിയമപരമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതി ഒരു നിഗമനത്തിലെത്തിയത്. വിധി വായിക്കാത്തവരാണ് വിമർശിക്കുന്നതെന്ന് ഞാൻ ധൈര്യപൂർവം പറയും,’ അദ്ദേഹം വ്യക്തമാക്കി.
Babri Masjid was built by demolishing a temple; there is archaeological evidence, says former Chief Justice Chandrachud











