മുപ്പത് ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട; കൈയടിച്ച് സോഷ്യൽ മീഡിയ

മുപ്പത് ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട; കൈയടിച്ച് സോഷ്യൽ മീഡിയ

ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട മുലപ്പാൽ ദാനം ചെയ്ത് മാതൃകയാവുകയാണ്, അമ്മമാർക്ക് പാൽ നൽകാൻ സാഹചര്യമില്ലാത്ത കുഞ്ഞുങ്ങൾക്ക് ഈ സംരംഭം വലിയ പിന്തുണയാണ് നൽകുന്നത്. ജ്വാലയും നടനും നിർമാതാവുമായ വിഷ്ണു വിശാലും ഈ വർഷം ഏപ്രിലിൽ തങ്ങളുടെ പെൺകുഞ്ഞിനെ വരവേറ്റിരുന്നു. ഇപ്പോൾ, മുലപ്പാൽ ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജ്വാല ഒരു സർക്കാർ ആശുപത്രിയിലേക്ക് ദിവസവും പാൽ നൽകുന്നുണ്ട്.

ഒരു ഇന്ത്യൻ കായികതാരം ഇത്തരമൊരു ദൗത്യത്തിന്റെ ഭാഗമാകുന്നത് ആദ്യമായാണ്, ജ്വാലയുടെ ഈ പ്രവൃത്തി സമൂഹത്തിന് വലിയ പ്രചോദനമാണ്. “മുലപ്പാൽ ജീവൻ രക്ഷിക്കും. മാസം തികയാതെ ജനിച്ചതും അസുഖബാധിതരുമായ കുഞ്ഞുങ്ങൾക്ക്, ദാനം ലഭിക്കുന്ന പാൽ പുതിയ ജീവിതം നൽകും. നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, ഒരു കുടുംബത്തിന് നീ ഹീറോ ആയേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കുക,” ജ്വാല എക്സിൽ കുറിച്ചു.

കഴിഞ്ഞ നാല് മാസമായി ജ്വാല സ്ഥിരമായി ഒരു സർക്കാർ ആശുപത്രിയിലെ മുലപ്പാൽ ദാന കാമ്പെയ്‌ന്റെ ഭാഗമായി പാൽ നൽകുന്നുണ്ട്, ഇതുവരെ 30 ലിറ്റർ പാൽ ദാനം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും, മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതോ ആയ കുഞ്ഞുങ്ങളെ സഹായിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ജ്വാലയുടെ ഈ മഹനീയ പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമാകുകയും മുലപ്പാൽ ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നു.

Share Email
More Articles
Top