കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് വൻ ബാങ്ക് കവർച്ച നടന്നത്. ചൊവ്വാഴ്ച വൈകിട്ട് 7:30-നാണ് സംഭവം. എട്ട് കോടി രൂപയും 50 പവൻ സ്വർണവും കവർച്ച ചെയ്യപ്പെട്ടു. സൈനിക യൂണിഫോമിൽ എത്തിയ, മുഖംമൂടി ധരിച്ച ഒമ്പതോളം അംഗങ്ങളുള്ള സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും തോക്കും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കവർച്ചക്കാർ മഹാരാഷ്ട്ര ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കരുതുന്നു, അവർ ഉപയോഗിച്ച കാർ സോലാപുരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കവർച്ച ചെയ്ത സ്വർണത്തിന്റെ ഒരു ഭാഗവും കണ്ടെടുത്തു.