തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനായി വിദേശത്തുനിന്നടക്കം സ്പോൺസർഷിപ്പ് സ്വീകരിച്ച് ഭക്തരെ ക്ഷണിക്കുമ്പോൾ, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ പ്രതിചേർക്കപ്പെട്ട നിരപരാധികളായ ഇരുപതിനായിരത്തിലധികം വിശ്വാസികൾ ഇപ്പോഴും കോടതി കയറിയിറങ്ങുന്നു. യുവതീപ്രവേശനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ 2,636 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഇതിൽ അയ്യായിരത്തിലധികം പേർ മാത്രമാണ് അക്രമസംഭവങ്ങളിൽ നേരിട്ടു പങ്കെടുത്തത്. ബാക്കിയുള്ള ഇരുപതിനായിരത്തിലധികം പേരെ ആൾക്കൂട്ടക്കേസിൽ പ്രതിചേർത്തവരാണ്. കേസുകൾ റദ്ദാക്കണമെന്നും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതി കയറിയിറങ്ങുന്നതിനിടെയാണ് അയ്യപ്പസംഗമത്തിന് ഭക്തരെ ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിക്കുന്നത്. പ്രതികളായവർ ആഗോള അയ്യപ്പസംഗമത്തിന് എത്തിയാൽ പ്രത്യേകമായി നിരീക്ഷിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. സംഗമ ദിവസം നിലയ്ക്കലിൽനിന്നുള്ള പരിശോധനയ്ക്കുശേഷം മാത്രമേ ആളുകളെ പമ്പയിലേക്ക് കടത്തിവിടൂ. പോലീസിന് ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോർഡ് തന്നെ അയ്യപ്പസംഗമത്തിന് ചുക്കാൻ പിടിക്കുമ്പോൾ പഴയ കേസുകൾ എഴുതിത്തള്ളണമെന്ന ആവശ്യം ഭക്തർക്കിടയിൽ വ്യാപകമായി ഉയരുന്നുണ്ട്. ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞിരുന്നു. നിലവിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനുമുന്നിലുള്ള യുവതീപ്രവേശന ഹർജിയിൽ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം. അയ്യപ്പസംഗമവുമായി സഹകരിക്കാൻ തീരുമാനിച്ച എൻ.എസ്.എസും എസ്.എൻ.ഡി.പി.യും പഴയ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാരിന് വഴങ്ങേണ്ടിവരും.
യുവതീപ്രവേശന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 2,636 കേസുകളാണ് സർക്കാർ രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 25,408 പേർ പ്രതികളായിരുന്നു. അതിൽ 93 കേസുകൾ പിൻവലിക്കാൻ സർക്കാർ നിരാക്ഷേപ പത്രം നൽകിയിരുന്നു. ബാക്കിയുള്ള 2,543 കേസുകളാണ് നിലവിലുള്ളത്. വിവിധ സംഘടനാ പ്രവർത്തകർ മുതൽ സാധാരണക്കാർ വരെ കേസുകളിൽ പ്രതികളാണ്.
2018 ഒക്ടോബറിൽ തുലാമാസ പൂജക്കായി ശബരിമലയിൽ നട തുറന്നപ്പോഴാണ് സന്നിധാനത്ത് സർക്കാരും ദേവസ്വം ബോർഡും യുവതീപ്രവേശനത്തെ എതിർക്കുന്നവരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. നട തുറക്കുന്നതിന് രണ്ടുദിവസം മുൻപ് നിലയ്ക്കലിൽ ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലവുങ്കൽ മുതൽ സന്നിധാനം വരെ 50 കിലോമീറ്റർ വനമേഖലയിൽ പോലീസ് 144 പ്രഖ്യാപിച്ചു. യുവതികളെ തടയുന്നതിനായി ഡസൻ കണക്കിന് ഹൈന്ദവ സംഘടനകൾ നിയോഗിച്ച നൂറുകണക്കിന് പ്രവർത്തകർ നിലയ്ക്കലിലും പമ്പ മുതൽ സന്നിധാനം വരെയും നിലയുറപ്പിച്ചു. വാഹന പരിശോധന നടത്തി യുവതികളെ മർദിച്ചത് സമരത്തെ സംഘർഷത്തിലേക്ക് നയിച്ചു.
നിലയ്ക്കലിൽ വലിയ സംഘർഷമുണ്ടായി. വൈകുന്നേരം നട തുറക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ പമ്പയിൽ സംഘർഷവും ലാത്തിച്ചാർജും അരങ്ങേറി. മലകയറാനെത്തിയ ആദ്യ യുവതി ആന്ധ്രാ സ്വദേശിനി മാധവിയും കുടുംബവും പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. പിന്നീട് എത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഹെൽമറ്റ് ധരിപ്പിച്ച് പോലീസ് സംഘം സന്നിധാനത്തെ നടപ്പന്തൽ വരെ എത്തിച്ചു. യുവതി എത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി നിലപാടെടുത്തതോടെ പോലീസ് അവരെ തിരിച്ചുകൊണ്ടുപോയി. അഞ്ചുദിവസത്തിനകം മലകയറാനെത്തിയത് രണ്ടിലധികം യുവതികളായിരുന്നു. ഇതിനിടെ തൃശൂർ സ്വദേശിനിയായ 57-കാരിയെ സന്നിധാനത്ത് തടഞ്ഞ സമരക്കാർ നെയ്‌ത്തേങ്ങകൊണ്ട് മുതുകിലിടിച്ചു. രഹസ്യമായും പരസ്യമായും പോലീസ് യുവതികളെ മലകയറ്റാൻ ശ്രമിച്ചെങ്കിലും സമരക്കാർ അത് തടഞ്ഞു. തുടർന്ന് നവംബർ 17-ന് മണ്ഡലകാലത്തിനായി നട തുറന്നപ്പോൾ എത്തിയ കെ.പി. ശശികല അറസ്റ്റിലായി. ശബരിമല ദർശനം ലക്ഷ്യമിട്ട് ഡൽഹിയിൽനിന്ന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധം കാരണം കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
അക്രമസമരങ്ങൾ ഭക്തരുടെ പ്രതിഷേധത്തിന് കാരണമായതോടെ സമരം നവംബർ 29 മുതൽ സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റി. അതോടെ പമ്പ ശാന്തമായി. ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതായി 2019 ജനുവരി രണ്ടിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. തന്ത്രി ക്ഷേത്രം അടച്ചിട്ട് ശുദ്ധികലശം നടത്തി. പന്തളത്ത് സമരക്കാരും സർക്കാർ അനുകൂലികളും തമ്മിൽ വ്യാപക സംഘർഷവും കല്ലേറുമുണ്ടായി. പന്തളത്ത് ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ ജാഥയ്ക്ക് നേരെ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിൽനിന്നാണ് കല്ലേറുണ്ടായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ശബരിമല കർമസമിതി പ്രവർത്തകൻ പന്തളം കൂരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) മരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രവർത്തകർക്കെതിരെ കേസെടുത്തു. അതോടെ സർക്കാർ നിലപാടിൽ അയവ് വരുത്തി. ക്ഷേത്രദർശനത്തിന് എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകി മലകയറ്റുന്ന നടപടി നിർത്തിവച്ചു. പിന്നീട് സംരക്ഷണം നൽകില്ലെന്ന നിലപാടിലേക്കും സർക്കാർ എത്തി. അതോടെ തീർത്ഥാടനം ശാന്തമായി.
Even as the Ayyappa Sangam is gathering momentum, more than 20,000 believers who were implicated in the Sabarimala women’s entry protests are still embroiled in cases.