സുരേന്ദ്രൻ നായർ
സ്വന്തം ദിക്കിലെ പ്രജാപരിപാലനത്തോടൊപ്പം സമീപ ദേശങ്ങളിൽ സ്വന്തം രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കുന്ന ഒന്നായിരുന്നു പൗരാണിക രാജപരമ്പരകളിലെ ദ്വിഗ്വിജയ സങ്കല്പം. സൈനിക ബലത്തിന്റെയും കായിക ശേഷിയുടെയും കരുത്തിൽ ദിഗ്വിജയങ്ങൾ നേടി സ്വന്തം രാജ്യ വിസ്തൃതി ഭൂഖണ്ഡങ്ങളോളം വ്യാപിപ്പിച്ച നിരവധി രാജാക്കന്മാരെക്കുറിച്ചു ലോകചരിത്രത്തിലും നിരവധി കഥകൾ നിലവിലുണ്ട്.
കാലത്തിനു കഴുകിക്കളയാൻ കഴിഞ്ഞിട്ടില്ലാത്ത യുദ്ധക്കെടുതികളുടെയും .രാഷ്ട്രങ്ങൾ തമ്മിൽ വളർന്നുവന്ന സാർവ്വലൗവിക സഹവർത്തിത്വത്തിന്റെയും ഫലമായി ലോകക്രമങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുകയും രാഷ്ട്രീയ മേധാവിത്വത്തിന്റെ സ്ഥാനം സാമ്പത്തിക അധീശത്വം കരസ്ഥമാക്കുകയുമുണ്ടായി. രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ സൂചികയായി ജി.ഡി.പി. അഥവാ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (ഒരു രാജ്യത്തു നിശ്ചിത കാലയളവിനുള്ളിൽ നിർമ്മിക്കപ്പെടുന്ന അന്തിമ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം) അന്താരാഷ്ട്ര സമൂഹം വികസന സൂചികയായി അംഗീകരിച്ചതോടെ ശാക്തിക ചേരികൾ വീണ്ടും പുനഃ ക്രമീകരിക്കപ്പെടുന്നതും നാം കണ്ടു.
വികസനത്തിന്റെ മാനദണ്ഡം ജി.ഡി.പി.ആയതോടെ ലോകരാഷ്ട്രങ്ങളുടെ വികസിത സങ്കല്പ ശ്രേണികളിലും മാറ്റങ്ങൾ സംഭവിച്ചു. പ്രതിശീർഷ വരുമാനവും വാർഷിക ഉല്പാദനവുമൊക്കെ അടിസ്ഥാനമാക്കി വികസ്വരമെന്നു പാശ്ചാത്യ ശക്തികൾ പാർശ്വവൽക്കരിച്ചിരുന്ന ഭാരതത്തിന്റെ വികസിത പരിപ്രേക്ഷ്യത്തിലും അത്തരം മാറ്റങ്ങൾ ആരംഭിച്ചു. 2014 ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതോടെ അന്നുവരെ രാജ്യം കണ്ടിരുന്ന വികസന സങ്കല്പങ്ങളെയാകെ തിരുത്തിക്കുറിക്കുന്ന നയവ്യതിയാനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതുവരെ ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതികളും ആസൂത്രണ കമ്മീഷനുമൊക്കെ അടിമുടി മാറ്റി പ്രതിഷ്ഠിക്കപ്പെടുകയും പുതിയൊരു വികസന പാതക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന രംഗത്തു സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട മേക്ക് ഇൻ ഇന്ത്യ, സ്വച്ഛ ഭാരത് അഭിയാന്റെ കീഴിൽ വന്ന ശുചിത്വ മിഷൻ, രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വൻ പൊളിച്ചെഴുത്തു നടത്തിയ ജൻധൻ യോജന, സർക്കാർ ആനുകൂല്യങ്ങൾ വൻതോതിൽ അടിച്ചുമാറ്റിയിരുന്ന ഇടനിലക്കാരെ സമ്പൂർണ്ണമായി ഒഴിവാക്കി കാർഷിക സബ്സിഡികളും പെൻഷനുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേരിട്ട് ലഭിക്കുന്ന രീതിയിൽ എല്ലാപേർക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കിയ ഡിജിറ്റൽ ഇന്ത്യ പദ്ധതി തുടങ്ങി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ ഭരണ പരിഷ്‌കാരങ്ങൾ ആഭ്യന്തര സമ്പത്ഘടനയുടെ വളർച്ചയിൽ വൻ കുതിപ്പ് തന്നെ സാധ്യമാക്കി.
2014 ലിന്റെ ഭരണത്തുടർച്ച 2019 ലും 2024 ലും അവർത്തിച്ചതിലൂടെ ഉറച്ച ഒരു ഭരണത്തിന്റെ സുസ്ഥിര വികസനം രാജ്യത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാകുകയും അതിനനുസരിച്ചു ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയോടുള്ള സമീപനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. മേൽ സൂചിപ്പിച്ച ജി.ഡി .പി.യുടെ സ്ഥിരതയാർന്ന വളർച്ചയും അടിസ്ഥാന സൗകര്യ വികസനത്തിൽ ദ്രുതഗതിയിൽ രാജ്യം കൈവരിച്ച പുരോഗതിയും വിദേശ നിക്ഷേപകരെ വ്യാപകമായി ഇവിടേയ്ക്ക് ആകർഷിക്കുവാനും കാരണമാക്കി. സംശുദ്ധ രാഷ്ട്രിയവും വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയും കൈമുതലായുള്ള പ്രധാനമന്ത്രി ആഭ്യന്തരമായി കരുത്തു തെളിയിക്കുന്നതിന്റെ അനുരണനങ്ങൾ അന്തർദേശിയ രംഗത്തും പ്രകടമാക്കുകയും ഒരു പതിറ്റാണ്ടുകൊണ്ടു ലോക നേതാക്കളുടെ പട്ടികയിൽ സുപ്രധാനമായ ഒരു സ്ഥാനം ഇന്ത്യയും മോദിയും ഉറപ്പിക്കുകയും ചെയ്തു.
വ്യക്തമായ ആസൂത്രണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ഇന്ത്യ കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ കക്ഷി രാഷ്ട്രീയത്തിനതീതമായി ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ലോകരാഷ്ട്രങ്ങളിൽ നാലാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്നത്തെ ഇന്ത്യ. അന്തർദേശിയ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ജൂലായ് മാസത്തിലാണ് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ജപ്പാനെ പിന്നിലാക്കി നാലാം സ്ഥാനം നേടിയത്. ഇപ്പോൾ മൂന്നാം നിരയിലുള്ള ജർമനിയെ താമസിയാതെ ഇന്ത്യ പിന്നിലാക്കുമെന്നതിന്റെ സൂചനയായി കഴിഞ്ഞ ജൂണിൽ അവസാനിച്ച ക്വാട്ടറിൽ ഇന്ത്യ കൈവരിച്ച 7.8 ശതമാനം ജി.ഡി.പി. വളർച്ചയെ സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
ഇന്ത്യക്ക് എക്കാലത്തും ഭീഷണിയായിരുന്ന പാകിസ്താൻ ഏറ്റവുമവസാനം കാശ്മീരിലേക്ക് ഭീകരവാദികളെ ഒളിച്ചു കടത്തി പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ക്രൂരമായി കൊലചെയ്തതിനു തിരിച്ചടിയായി പാകിസ്താനിലെ ഏഴു പ്രമുഖ തീവ്രവാദ പരിശീലന കേന്ദ്രങ്ങളെ ഓപ്പറേഷൻ സിന്തുർ എന്ന സൈനിക നടപടിയിലൂടെ തരിപ്പണമാക്കാൻ ഇന്ത്യക്കു കഴിഞ്ഞത് അഞ്ചു മില്ലിയൻ സൈനികരുള്ള ലോകത്തെ നാലാമത്തെ ശക്തിയായി ഇന്ത്യ ഇതിനകം വളർന്നതുകൊണ്ടാണ്.
സാമ്പത്തികവും സൈനികവുമായ മികവ് പ്രകീർത്തിക്കപ്പെടുമ്പോളും നയതന്ത്ര രംഗത്തും വിദേശ നയത്തിലും ഇന്ത്യ അനുവർത്തിച്ചുവരുന്ന നിലപാടുകൾ ലോകശ്രദ്ധ പിടിച്ചു പറ്റുന്നവയായിരുന്നു. പരമ്പരാഗതമായ ചേരിചേരാ നയത്തിൽ നിന്നും വ്യത്യസ്തമായ ബഹുസ്വരവും ഇന്ത്യൻ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ സന്തുലിത ബന്ധങ്ങളുടെ നിലപാടുകളായിരുന്നു അവയിലേറെയും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആണവ ശക്തിയായ അമേരിക്കയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുമ്പോളും വർഷങ്ങളായി നിലവിലുണ്ടായിരുന്ന റഷ്യയുമായുള്ള സഖ്യം ഊഷ്മളമായി സംരക്ഷിക്കാനും ഇന്ത്യ ശ്രദ്ധിച്ചിരുന്നു.ഇന്ത്യക്കു പ്രാമുഖ്യം കിട്ടാൻ സാധ്യതയുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും ആഫ്രിക്കൻ രാജ്യങ്ങളെയും ആസ്ട്രേലിയയെയും ജപ്പാനെയും സഖ്യ കക്ഷികളാക്കി പുത്തൻ കൂട്ടായ്മകൾ സൃഷ്ടിക്കാനും ഇന്ത്യ മുൻകൈയെടുത്തു. ലോക രാഷ്ട്രങ്ങളുടെ പലവിധ ചേരികൾക്കിടയിൽ സന്തുലിതമായ ഒരു സ്ഥാനം ഇന്ത്യയുടെ താത്പര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ നിലനിർത്താൻ കഴിയുന്നു എന്നതാണ് ഇന്ത്യ കൈവരിച്ച നയതന്ത്ര വിജയം.
പുരാതന ഇന്ത്യയുടെ രാജനൈതിക കാഴ്ചപ്പാടിൽ ആഭ്യന്തരമായി മൂന്ന് അശ്വമേധങ്ങൾ പൂർത്തിയാക്കി നാലാമതൊന്നിനായി യാഗാശ്വത്തെ ഒരുക്കുന്ന മോദി രാജ്യാന്തര രംഗത്ത് കൈവരിക്കുന്ന വിജയങ്ങളെ ഭാരതത്തിന്റെ ദിഗ്‌വിജയ യാത്രയായി കാണാവുന്നതാണ്. ആ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവന്ന പ്രതിബന്ധവും അതിനെ അതിജീവിക്കാൻ സ്വീകരിക്കുന്ന അതിവേഗ നീക്കങ്ങളും രാജ്യത്തെ ഒരു ദ്വിഗ്‌വിജയത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പങ്കുവയ്ക്കുന്നത്.
ലോക വിപണിയെ ഏകചക്രാധിപത്യത്തിലേക്കു ഒതുക്കാൻ നിരന്തരം തന്ത്രങ്ങൾ മെനയുന്ന അമേരിക്കയാണ് ഇന്ത്യക്കെതിരെ ഒരു താരിഫ് യുദ്ധ പ്രഖ്യാപനവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. നയതന്ത്ര മേഖലയിൽ ചൈനക്കെതിരെയുള്ള നീക്കങ്ങളിൽ വിശ്വസ്‌ത സഹകാരിയും അമേരിക്കയുടെ ദീർഘകാല വ്യാപാര പങ്കാളിയുമായ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുകയും ഇന്ത്യ റഷ്യയിൽ നിന്നും അമേരിക്കൻ ഹിതത്തിനെതിരായി എണ്ണ ഇറക്കുമതി ചെയ്യുന്നത്തിന്റെ പിഴയായി മറ്റൊരു 25 ശതമാനവുമുൾപ്പെടെ 50 ശതമാനത്തിന്റെ അധിക നികുതി ഏർപ്പെടുത്തിയാണ് യുദ്ധപ്രഖ്യാപനം നടത്തിയത്. തികച്ചും അപ്രതീക്ഷിതമായുണ്ടായ ഈ നടപടി ഇന്ത്യയുടെ വിശ്വവിജയത്തിനായുള്ള പ്രയാണത്തിൽ അപ്രതീക്ഷിതമായ ഒരു പ്രഹരം തന്നെയായിരുന്നു.
ലോകവ്യാപാര രംഗത്തെ അമേരിക്കയുടെ അപ്രമാദിത്വം മറയാക്കി ഇന്ത്യയുടെ വാണിജ്യ പരമാധികാരത്തെ നിയന്ത്രണ വിധേയമാക്കാമെന്ന പ്രസിഡന്റ് ട്രംപിന്റെ മോഹം ഫലം കാണില്ല എന്ന സൂചനകളാണ് ഇന്ത്യ സ്വീകരിച്ച വേഗമേറിയ തുടർ നടപടികൾ വ്യക്തമാക്കുന്നത്. അമേരിക്ക പ്രഖ്യാപിച്ച തീരുവകളിൽ മാറ്റമുണ്ടാകില്ലായെന്നു ബോധ്യം വന്ന ഇന്ത്യ അമേരിക്കയുമായുള്ള ബന്ധം പരസ്യമായി വിശ്ചേദിക്കാതെയുള്ള ബഹുവിധ ബദൽ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ഉല്പാദനരംഗത്തു പ്രത്യക്ഷമായിത്തന്നെ പ്രതിസന്ധികൾ ഉണ്ടാക്കാവുന്ന ടെസ്റ്റയിൽ, സമുദ്രോൽപ്പന്നങ്ങൾ ഇലക്രോണിക് തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ജപ്പാനിലേക്ക് പറക്കുകയും ജപ്പാൻ പ്രധാനമന്ത്രിയുമായി ലോക വാണിജ്യ മേഖലയിൽ പുതുതായി ശക്തി പ്രാപിക്കേണ്ട ഏഷ്യൻ ചേരിയെക്കുറിച്ചു പൊതു ധാരണയിലെത്തുകയും തുടർയാത്ര ചൈനയിലെ ഷാൻഹായിലേക്കു ദീർഘിപ്പിക്കുകയും ചെയ്തു. ഷാൻഹായിൽ 10 രാഷ്ട്ര തലവന്മാർ പങ്കെടുത്ത ഷാൻഹായ് കോർപറേഷൻ ഓർഗനൈസഷന്റെ യോഗത്തിൽ മോദി പങ്കെടുക്കുകയും ചൈനീസ് പ്രസിഡന്റ് ഷിജിങ് പിംഗ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുമായി അമേരിക്കയുടെ ഏകപക്ഷിയമായ നീക്കത്തിനെതിരെ സംയുക്ത പ്രതിരോധത്തിനായുള്ള ചില സുപ്രധാന തീരുമാനങ്ങളും കൂട്ടായ പ്രഖ്യാപനങ്ങളും രൂപപ്പെടുത്തുകയും ചെയ്തു.
1962 നു ശേഷം ചൈന ഇന്ത്യയെ നേരിട്ട് അക്രമിച്ചിട്ടില്ലായെങ്കിലും പലവിധ അതിർത്തിപ്രശ്നങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടത്തുകയും ശത്രു രാജ്യമായ പാകിസ്താനെ നിരന്തരം സഹായിക്കുകയും ചെയ്യുന്നതിനാൽ ചൈനയുമായുള്ള ഇന്ത്യയുടെ സൗഹൃദം നിതാന്തമല്ലെന്നു ബോധ്യമുള്ള മോദി ആ സമ്മേളനത്തിൽ പെഹൽഗാമിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയതിനെ ഇന്ത്യയുടെ നേട്ടമായിത്തന്നെ അംഗീകരിച്ചു.
ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള സുദൃഢമായ വ്യാപാര ബന്ധത്തിന്റെ ഇന്നത്തെ തുടർച്ചക്കാരൻ റഷ്യൻ പ്രസിഡന്റ് പുടിൻ കൂടി പങ്കാളിയായ ആ പ്രതിരോധ ചേരിയിൽ ജപ്പാനെക്കൂടാതെ ഉത്തര കൊറിയ കൂടി ചേരുന്നുവെന്നത് അമേരിക്കയിൽ ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ വാണിജ്യ മേഖലകളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിൽ ജി.ഡി.പി.വളർച്ചയിൽ ലോകത്തു മൂന്നാം സ്ഥാനത്തു നിൽക്കുന്ന ജർമ്മനി ഇന്ത്യയുമായി പുതിയ ചില വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ഇന്ത്യൻ തുണിത്തരങ്ങൾക്ക് ആസ്‌ട്രേലിയ,യൂ.കെ, പെറു,ചിലി എന്നിവിടങ്ങളിൽ പുതിയ വിപണികൾ കണ്ടെത്താനും കഴിഞ്ഞിരിക്കുന്നു.
അമേരിക്കൻ ഭീഷണിയെ നേരിടാൻ വിദേശ വിപണികൾ അന്വേഷിക്കുന്നതോടൊപ്പം ആഭ്യന്തരമായി ഇന്ത്യ സർക്കാർ ലക്ഷ്യമിടുന്ന പദ്ധതികൾ ഇന്ത്യൻ സമ്പത്ഘടനയിൽ സമൂല ചലനങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്താനും 130 കൊടിയില്പരം ജനങ്ങളുള്ള ഇന്ത്യയുടെ വിപണികൾ സ്വദേശി സൗഹൃദമാക്കാനും സത്വര നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും തുണിത്തരങ്ങളും നിർമ്മിക്കുന്നവർക്കായി നികുതി രഹിതമായ പുതിയ സാമ്പത്തിക സോണുകൾ പ്രഖ്യാപിക്കുക, പി.എൽ.ഐ. എന്നറിയപ്പെടുന്ന പ്രോഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പരിപാടിയിലൂടെ ഉൽപ്പാദകർക്കു സാമ്പത്തിക ഉത്തേജനം നൽകുക എന്നിവ ഉദാഹരണങ്ങളാണ്. ആഭ്യന്തര വിപണിയിൽ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കാനായി ജി.എസ്.ടി. യുടെ സ്ലാബിൽ പൊളിച്ചെഴുത്തു നടത്തി 350 ൽ പരം ഉൽപ്പന്നങ്ങളുടെ വില കുറച്ച ധനമന്ത്രിയുടെ നടപടി അത്തരത്തിലുള്ള ഒരു പ്രധാന കാൽവയ്പ്പാണ്. ഡിജിറ്റൽ എക്കണോമിയുടെ സാധ്യതൾ പരമാവധി ഉപയോഗപ്പെടുത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നു സർക്കാർ കരുതുന്നു.
ഏതു രീതിയിലാണെങ്കിലും അമേരിക്ക ഉയർത്തിയ നികുതി ഭീഷണിയെ ഇന്ത്യയുടെ ശക്തമായ ഭരണ നേതൃത്വം നയതന്ത്ര വൈഭവത്തിലൂടെയും മോദിയുടെ അന്താരാഷ്ട്ര സ്വീകാര്യതയിലൂടെയും അതിജീവിക്കും അങ്ങനെ അതൊരു ഭാരത ദ്വിഗ്‌വിജയമാകും.

Bharat Digvijayam Becoming a Reality