മുംബൈ : ജാനകി പേര് വിവാദം ഹിന്ദി സിനിമയിലും. ജാനകി രഘുറാം എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നത് ത ടഞ്ഞ സെൻസർ ബോർഡിനെതിരെ നിർമ്മാതാക്കൾ കോടതിയെ സമീപിച്ചു. ഛത്തീസ്ഗഢി ഭാഷയിൽ നിർമിച്ച സിനിമയാണ് ജാനകി രഘുറാം. കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ചിത്രത്തിൽ ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഛത്തീസ്ഗഢിൽ വലിയ വിജയം നേടിയ ചിത്രം പിന്നീട് ഹിന്ദി പതിപ്പ് എടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചില്ല. പിന്നീട് പലതണ സെൻസർ ബോർഡിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് നിർമ്മാതാക്കൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഒക്ടോബർ ആറിന് മുൻപ് സെൻസർ ബോർഡ് കൃത്യമായ മറുപടി നൽകണമെന്നും അന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
നേരത്തെ മലയാള സിനിമ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനും സമാനമായ പ്രശ്നം നേരിട്ടിരുന്നു. ജാനകിയെന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് അനുപമ പരമേശ്വരൻ നായികയായെത്തിയ സിനിമക്ക് അനുമതി നിഷേധിക്കപ്പെട്ടത്. ജാനകി വിദ്യാധരൻ എന്ന യുവതി തന്റെ ബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ നിയമപോരാട്ടം നടത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ, ‘ജാനകി’ എന്നത് ഹൈന്ദവ ദേവതയായ സീതാദേവിയുടെ ഒരു പേരാണെന്നും, സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി ഈ പേര് ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്നുമാണ് സെൻസർ ബോർഡിന്റെ മുംബൈ റീജിയണൽ ഓഫീസ് വാദിച്ചത്. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസ്സമുണ്ടാക്കിയ സെൻസർ ബോർഡിന്റെ നിലപാടിനെതിരെ പിന്നീട് സംവിധായകൻ ഹൈക്കോടതിയെ സമീപിക്കുകയും വി ജാനകി എന്ന് ഉപയോഗിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. വ്യക്തികളുടെ പേര് ഉപയോഗിക്കുന്നത് എങ്ങനെ മതവികാരം വ്രണപ്പെടുത്തുമെന്നും, സെൻസർ ബോർഡിന്റെ അധികാരം അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.