ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ; സ്വത്തുവകകള്‍ കണ്ടുകെട്ടും

ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ; സ്വത്തുവകകള്‍ കണ്ടുകെട്ടും

ഒട്ടാവ: ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരവാദ സംഘമായി പ്രഖ്യാപിച്ച് കാനഡ. സംഘത്തിന്‍റെ പ്രവർത്തനവും ഫണ്ടിങ്ങും നിരോധിക്കുമെന്നും, കാനഡയിലെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്നും കനേഡിയന്‍ ഭരണകൂടം അറിയിച്ചു. ഇന്ത്യയിലും വിദേശത്തും കൊലപാതകം, കൊള്ള, ആയുധ, മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധമുള്ള ക്രിമിനൽ ഗ്യാങ്ങാണ് ലോറന്‍സ് ബിഷ്ണോയ് സംഘം. കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചത്.

“കാനഡയിൽ അക്രമത്തിനും ഭീകരപ്രവർത്തനങ്ങൾക്കും സ്ഥാനമില്ല, പ്രത്യേകിച്ച് ഒരു സമൂഹങ്ങളെ ലക്ഷ്യം വച്ച് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക്,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കനേഡിയൻ നിയമപ്രകാരം, ബിഷ്‌ണോയി സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതോ അവർ നിയന്ത്രിക്കുന്നതോ ആയ സ്വത്ത് അറിഞ്ഞുകൊണ്ട് ഇടപാട് നടത്തുന്നത് ഇനി ക്രിമിനൽ കുറ്റമാണ്. സംഘത്തിന് പ്രയോജനപ്പെടുമെന്ന് അറിഞ്ഞുകൊണ്ടോ അല്ലാതെയോ സ്വത്ത് നൽകുന്നതും ക്രിമിനൽ കുറ്റമാണ്. കാനഡയിലെ സിഖ് വിഘടനവാദ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക്, ബിഷ്ണോയ് ഇന്ത്യയിലെ ജയിലില്‍ നിന്ന് നേതൃത്വം നൽകുന്നുവെന്ന് കഴിഞ്ഞവർഷം കാനഡ ആരോപിച്ചിരുന്നു. ഇന്ത്യ- കാനഡ നയതന്ത്രബന്ധം വഷളായിരിക്കെ ഉയർന്ന ആരോപണം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു.

Share Email
LATEST
Top