സൈബർ ലോകത്തിലെ വിശുദ്ധൻ; കത്തോലിക്കാ സഭയിൽ ചരിത്രം കുറിച്ച് കാർലോ അക്യൂട്ടീസ് വിശുദ്ധ പദവിയിൽ, പ്രഖ്യാപിച്ച് പോപ്പ് ലിയോ

സൈബർ ലോകത്തിലെ വിശുദ്ധൻ; കത്തോലിക്കാ സഭയിൽ ചരിത്രം കുറിച്ച് കാർലോ അക്യൂട്ടീസ് വിശുദ്ധ പദവിയിൽ, പ്രഖ്യാപിച്ച് പോപ്പ് ലിയോ

വത്തിക്കാൻസിറ്റി: കമ്പ്യൂട്ടറും സോഷ്യൽ മീഡിയയും ഉപയോഗിച്ച് ആത്മീയത പ്രചരിപ്പിച്ച പതിനഞ്ചുകാരൻ കാർലോ അക്യൂട്ടീസ് വിശുദ്ധ പദവിയിൽ. 70,000-ത്തിലധികം യുവജനങ്ങളെ സാക്ഷിയാക്കി പോപ്പ് ലിയോയാണ് കാർലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭകൂടിയാണ് കാർലോ. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും അദ്ദേഹമാണ്.

കാർലോയുടെ വിശുദ്ധ പദവി പ്രഖ്യാപനം കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പതിനായിരക്കണക്കിന് യുവജനങ്ങളാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തിയത്. അവർക്കിടയിൽ ‘മില്ലേനിയൽ വിശുദ്ധൻ’ എന്നാണ് കാർലോ അറിയപ്പെടുന്നത്.

​വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിൽ പോപ്പ് ലിയോ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. “‘നിങ്ങളെല്ലാവരും, നാമെല്ലാവരും ഒരുമിച്ച്, വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്. സ്വർഗ്ഗം എപ്പോഴും നമ്മളെ കാത്തിരിക്കുന്നു. നാളെയെ സ്നേഹിക്കുക എന്നാൽ ഇന്ന് നമ്മളാൽ കഴിയുന്ന ഏറ്റവും മികച്ചത് നൽകുക എന്നതാണെന്ന് കാർലോ പറയാൻ ഇഷ്ടപ്പെട്ടിരുന്നു. പുതിയ വിശുദ്ധർ എല്ലാവർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, നമ്മുടെ ജീവിതം പാഴാക്കാതെ, അവയെ സ്വർഗ്ഗത്തിലേക്ക് നയിക്കാനുള്ള ഒരു ക്ഷണമാണ്,’ പോപ്പ് പറഞ്ഞു.
​സിനിമകൾ കാണാനും, ഫുട്ബോൾ കളിക്കാനും, വീഡിയോ ഗെയിം കളിക്കാനും ഇഷ്ടപ്പെട്ടിരുന്ന കാർലോയെ ‘സൈബർ ലോകത്തെ അപ്പസ്തോലൻ’, ‘ദൈവത്തിന്റെ ഇൻഫ്ലുവൻസർ’ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ജീൻസും ടെന്നീസ് ഷൂസും ധരിച്ച നിലയിലാണ് അദ്ദേഹത്തിൻ്റെ മൃതദേഹം ഇറ്റലിയിലെ അസീസിയിലുള്ള ശവകുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

കാർലോയുടെ ഭൗതികദേഹം കാണാനും മധ്യസ്ഥത തേടാനും ലക്ഷക്കണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്. സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ച് ആധുനിക കാലത്തെ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കാർലോക്ക് കഴിഞ്ഞു. പതിനൊന്നാം വയസ്സിൽ അദ്ദേഹം ഒരു വെബ്സൈറ്റ് ഉണ്ടാക്കി സഭ അംഗീകരിച്ച അത്ഭുതങ്ങളെ അതിൽ രേഖപ്പെടുത്തി. മരണത്തിന് മുമ്പായി 136 അത്ഭുതങ്ങളാണ് ഈ വെർച്വൽ മ്യൂസിയത്തിൽ അദ്ദേഹം രേഖപ്പെടുത്തിയത്. ഒരു കൈയിൽ ജപമാലയും മറുകൈയിൽ കീബോർഡുമായി ആത്മീയ പ്രചാരണത്തിൽ കാർലോ പുതുതലമുറയ്ക്ക് മാതൃകയായി.

Share Email
LATEST
Top