ഇംഫാൽ: മണിപ്പൂരിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കുക്കി-സോ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ, ദേശീയ പാത 02 വീണ്ടും തുറക്കാനും സുരക്ഷാ സേനകളുമായി പൂർണ സഹകരണം ഉറപ്പാക്കാനും കുക്കി ഗ്രൂപ്പുകൾ തീരുമാനിച്ചു. 2008ലെ സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ പരിഷ്കരിച്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും കുക്കി വിമത ഗ്രൂപ്പുകളും തമ്മിലുള്ള ത്രികക്ഷി കരാറിന് അംഗീകാരം നൽകിയത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയവും കുക്കി പ്രതിനിധികളും തമ്മിൽ നടന്ന നിർണായക ചർച്ചകളാണ് ഈ തീരുമാനങ്ങളിലേക്ക് നയിച്ചത്.
ദേശീയ പാത 02 തുറക്കുന്നതോടെ സ്വതന്ത്ര സഞ്ചാരവും അവശ്യവസ്തുക്കളുടെ നീക്കവും സുഗമമാകുമെന്ന് കുക്കി-സോ കൗൺസിൽ വ്യക്തമാക്കി. കുക്കി നാഷണൽ ഓർഗനൈസേഷനും യുണൈറ്റഡ് പീപ്പിൾ ഫ്രണ്ടും സംഘർഷ മേഖലകളിൽ നിന്ന് ഏഴ് ക്യാമ്പുകൾ മാറ്റി സ്ഥാപിക്കാനും, ആയുധങ്ങൾ സിആർപിഎഫ്-ബിഎസ്എഫ് ക്യാമ്പുകളിൽ ഏൽപ്പിക്കാനും തീരുമാനിച്ചു. സുരക്ഷാ സേനയുടെ പരിശോധനകൾക്ക് അനുമതി നൽകുകയും വിദേശികളെ കണ്ടെത്തി തിരികെ അയക്കുകയും ചെയ്യുമെന്നും ധാരണയായി. പുതിയ തീരുമാനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു സംയുക്ത നിരീക്ഷക സമിതിയും രൂപീകരിക്കും.
2023ലെ കുക്കി-മെയ്തെയ് വംശീയ കലാപത്തിന് ശേഷം, മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഫെബ്രുവരി വരെ നീട്ടിയിരുന്നു. സെപ്റ്റംബർ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാനിരിക്കെ, ഈ തീരുമാനങ്ങൾ നിർണായകമാണ്. ഇംഫാലിലും, കലാപം ഏറ്റവും കൂടുതൽ ബാധിച്ച ചുരാചന്ദ്പൂരിലും പ്രധാനമന്ത്രി സന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023ന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.