ചാർളി കിർക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ, 22 കാരൻ, പോലീസിന് മുന്നിൽ എത്തിച്ചത് സ്വന്തം പിതാവ്

ചാർളി കിർക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ, 22 കാരൻ, പോലീസിന് മുന്നിൽ എത്തിച്ചത് സ്വന്തം പിതാവ്

ന്യൂയോർക്ക്: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ടൈലർ റോബിൻസൺ എന്നയാളാണ് പ്രതിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 22 വയസ്സുള്ള യൂട്ടാ സ്വദേശിയായ ഇയാളെ സ്വന്തം പിതാവാണ് അധികൃതർക്ക് മുന്നിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഒരെമിലെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിലധികം പോലീസിനെയും ഫെഡറൽ ഏജൻസികളെയും പ്രതി വെട്ടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതി കസ്റ്റഡിയിലായതായി ” ഉറപ്പോടെ” വിശ്വസിക്കുന്നുവെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് വിവരം പുറത്തുവന്നത്. പ്രതിയുമായി അടുപ്പമുള്ള ഒരാളാണ് ഇയാളെ തിരിച്ച് ഏൽപ്പിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. പ്രസംഗിച്ച് കൊണ്ടിരിക്കെ ആണ് വെടിയേറ്റത്.

Share Email
LATEST
Top