ചാർളി കിർക്കിന്റെ കൊലയ്ക്കു കാരണം ആശയപരമായ എതിർപ്പ്; പ്രതി ടൈലർ റോബിൻസൺ ചെറുപ്പം മുതൽ മികച്ച ഷൂട്ടർ

ചാർളി കിർക്കിന്റെ കൊലയ്ക്കു കാരണം ആശയപരമായ എതിർപ്പ്;  പ്രതി ടൈലർ റോബിൻസൺ ചെറുപ്പം മുതൽ മികച്ച ഷൂട്ടർ

വാഷിങ്ടൺ ഡിസി: പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയും ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒ ഇൻഫ്ലുവൻസറായ ചാർളി കിർക്കിനെ വെടിവെച്ചു കൊന്ന കേസിൽ അറസ്റ്റിലായ 22-കാരൻ ടൈലർ റോബിൻസൺ ചെറുപ്പം മുതലേ തോക്കുപയോഗിച്ച് പരിശീലിച്ചയാളാണെന്ന് റിപ്പോർട്ട്. ഏകദേശം 140 മീറ്റർ അകലെയുള്ള കെട്ടിടത്തിനു മുകളിൽ നിന്ന് ചാർളി കിർക്കിനെ ലക്ഷ്യമാക്കി കൃത്യമായി വെടിവെക്കാൻ റോബിൻസണെ സഹായിച്ചത് ഈ പരിശീലനമാണ്. ഇയാൾക്ക് ഔദ്യോഗികമായി ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണെങ്കിലും, ലഭ്യമായ വിവരങ്ങൾ പ്രകാരം റോബിൻസൺ ഒരു മികച്ച ഷൂട്ടറാണ്.

വെടിവെക്കാൻ ഉപയോഗിച്ച റൈഫിൾ പോലീസ് കണ്ടെടുത്തു. രാഷ്ട്രീയമായി യാഥാസ്ഥിതികത്വത്തോടുള്ള എതിർപ്പാണ് റോബിൻസണെ ഈ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. പോലീസ് തൊണ്ടിയായി പിടിച്ച ബുള്ളറ്റ് കെയ്‌സുകളിൽ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ റോബിൻസൺ കോറിയിട്ടിരുന്നു. ‘Hey fascist! Catch !” എന്നാണ് വെടിയുണ്ടകളിൽ എഴുതിയിരുന്നത്. ഇത്തരം മൂന്ന് കെയ്‌സുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു യൂണിവേഴ്‌സിറ്റി പരിപാടിക്കിടെയായിരുന്നു ഈ സംഭവം. പ്രതിയുടെ അച്ഛനായ മാറ്റ് റോബിൻസൺ, മുൻ പോലീസ് ഉദ്യോഗസ്ഥനും മതപ്രഭാഷകനുമാണ്. മകൻ പ്രതിയാണെന്ന് തിരിച്ചറിഞ്ഞയുടൻ കീഴടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. 2020-ൽ ടൈലറുടെ കൈവശം ഒരു തോക്ക് ഉണ്ടായിരുന്നതായി അയാളുടെ അമ്മ ആംബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. പുറത്തുവന്ന ഷൂട്ടറുടെ ചിത്രം കണ്ട് അത് തന്റെ മകനാണെന്ന് മനസ്സിലാക്കാൻ മാറ്റിനും ആംബറിനും അധികസമയം വേണ്ടി വന്നില്ല. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു. വാഷിങ്ടൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ 27 വർഷത്തെ സേവനപരിചയമുള്ള ഉദ്യോഗസ്ഥനാണ് മാറ്റ് റോബിൻസൺ. മകനെ പിടികൂടാൻ സഹായിച്ച റോബിൻസൺ കുടുംബത്തെ യൂറ്റ ഗവർണർ സ്‌പെൻസർ കോക്‌സ് അഭിനന്ദിച്ചു.

ചാര്‍ലി കിര്‍ക്ക് വിദ്വേഷം പ്രചരിപ്പിക്കുന്നതിനാല്‍ തനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെന്ന് റോബിന്‍സണ്‍ വെടിവെപ്പിന് മുമ്പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 10 ന് മുമ്പ് നടന്ന ഒരു വിരുന്നില്‍ വച്ച് യുട്ടാവാലി സര്‍വകലാശാലയിലേക്ക് കിര്‍ക്ക് വരുന്ന കാര്യം ഒരു കുടുംബാംഗത്തോട് റോബിന്‍സണ്‍ സംസാരിച്ചിരുന്നു. കിര്‍ക്ക് വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന വ്യക്തിയെന്നാണ് റോബിന്‍സണ്‍ പറഞ്ഞത്.

നേരത്തെ തന്നെ കൊലപാതകം ആസൂത്രണം ചെയ്ത ടൈലര്‍ റോബിന്‍സണ്‍ മെസേജിങ് ആപ്പായ ഡിസ്‌കോര്‍ഡാണ് ഉപയോഗിച്ചിരുന്നത്. മാറ്റാനുള്ള വസ്ത്രങ്ങള്‍ കരുതിയിരുന്നു. പിടി വീഴാതിരിക്കാന്‍ വസ്ത്രങ്ങള്‍ പലതവണ മാറി. കൊലയ്ക്കുപയോഗിച്ച് റൈഫിള്‍ കാട്ടില്‍ ഒളിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ടൈലര്‍ റോബിന്‍സണെ തെക്കന്‍ യൂട്ടായില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ പിതാവ് തന്റെ സുഹൃത്തായ ഉന്നത യുഎസ് മാര്‍ഷലിനെ വിവരം അറിയിച്ചെന്നും അതോടെയാണ് പ്രതി പിടിയിലായതെന്നുമാണ് ട്രംപ് പറഞ്ഞത്. ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ‘ ‘ചാര്‍ലി കിര്‍ക്ക് ഏറ്റവും നല്ല വ്യക്തിയായിരുന്നു, അദ്ദേഹത്തിന് ഇത് അര്‍ഹിച്ചില്ല,’ അദ്ദേഹം കഠിന പ്രയത്‌നം നടത്തുന്ന ആളായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു’ ട്രംപ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ഉട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സിന്റെയും താല്‍പര്യമെന്നും ട്രംപ് സൂചിപ്പിച്ചു.

ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി അടുത്തുള്ള ഒരു പ്രദേശത്തേക്ക് ഓടി മറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. ഏകദേശം 200 വാര അകലെ നിന്നാണ് കിര്‍ക്കിന് വെടിയേറ്റത്. ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

ടൈലർ റോബിൻസൺ കൊലപാതകത്തിന് ഉപയോഗിച്ച റൈഫിൾ ഒരു തുണിയിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഈ തോക്ക് കൂടുതൽ പരിശോധനകൾക്കായി എഫ്.ബി.ഐ. ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിക്ക് ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്ന് മുൻ എഫ്.ബി.ഐ. ഏജന്റ് ബ്രാഡ് ഗാരറ്റ് അഭിപ്രായപ്പെട്ടു. ടൈലറിന്റെ കുടുംബത്തിനും ആയുധങ്ങളുമായി ബന്ധമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ടൈലറിന് ആയുധങ്ങൾ ഉപയോഗിക്കാൻ അറിയാമായിരുന്നു. ടൈലർ തോക്കുമായി നിൽക്കുന്ന കുട്ടിക്കാലത്തെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Charlie Kirk murder case: Defendant Tyler Robinson was a good shooter from a young age

Share Email
LATEST
Top