വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമായ ചാർളി കിർക്കിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ, പ്രതി ടൈലർ റോബിൻസന്റെ പങ്കാളിയുടെ ഐഡന്റിറ്റി എഫ്ബിഐ രഹസ്യമായി സൂക്ഷിച്ചതായി റിപ്പോർട്ടുകൾ.
റോബിൻസൺ തന്റെ ട്രാൻസ്‌ജെൻഡർ പങ്കാളിയായ 22 വയസ്സുള്ള ലാൻസ് ട്വിഗ്‌സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ലാൻസ് ഒരു പ്രൊഫഷണൽ ഗെയിമറാണ്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തോടുള്ള ചാൾസ് കിർക്കിന്റെ വിദ്വേഷപരമായ നിലപാടുകളാണ് ഈ ആക്രമണത്തിന് പിന്നിലെ പ്രകോപനമെന്നാണ് അന്വേഷകർ സംശയിക്കുന്നത്.
കേസിലെ പ്രതിയായ ടൈലർ റോബിൻസന്റെ പങ്കാളി ലാൻസ് ട്വിഗ്‌സ് അന്വേഷണവുമായി സഹകരിച്ചതിനാലാണ് ഇത്തരമൊരു നടപടി എഫ്ബിഐ സ്വീകരിച്ചതെന്ന് ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ ഞെട്ടലോടെയാണ് ട്വിഗ്‌സ് പ്രതികരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീട്, തന്റെ പങ്കാളിയുമായി നടത്തിയ സന്ദേശങ്ങൾ കൈമാറാൻ ട്വിഗ്‌സ് തയ്യാറായെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.
വുട്ടാ വാലി യൂണിവേഴ്‌സിറ്റിക്ക് സമീപം, വെടിവെപ്പ് നടന്ന സ്ഥലത്ത് തോക്ക് ഒളിപ്പിച്ചതിനെക്കുറിച്ചും, ആക്രമണത്തിന് ശേഷം വസ്ത്രങ്ങൾ മാറ്റിയതിനെക്കുറിച്ചും പ്രതി റോബിൻസൺ ഡിസ്‌കോർഡ് സന്ദേശങ്ങളിലൂടെ സൂചിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ സന്ദേശങ്ങൾ റോബിൻസനെ പിടികൂടാനും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനും പോലീസിന് സഹായകമായി. യൂട്ടായിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അന്വേഷണവുമായി സഹകരിച്ച ലാൻസ് ട്വിഗ്‌സ്, തന്റെ പങ്കാളി ടൈലർ റോബിൻസൺ തന്നെയാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചതായി വിവരമുണ്ട്. കിർക്കിന്റെ വിദ്വേഷപരമായ പരാമർശങ്ങളിൽ പ്രകോപിതനായാണ് റോബിൻസൺ ഈ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ലാൻസിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മുൻ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഉണ്ടെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്ക് ഈ കേസിൽ പങ്കുണ്ടെന്ന് സംശയിക്കത്തക്ക സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. എങ്കിലും ലാൻസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ റോബിൻസണും ട്വിഗ്‌സും തമ്മിലുള്ള ബന്ധത്തിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് ‘ഫോക്‌സ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.
റോബിൻസണും ട്വിഗ്‌സും മുൻപ് പഠിച്ചിരുന്ന പൈൻ വ്യൂ ഹൈസ്‌കൂളിൽ നിന്നുള്ള ഗെയിമർമാരുടെ ഒരു വലിയ ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഓൺലൈൻ ചാറ്റ് നെറ്റ്‌വർക്കായ ഡിസ്‌കോർഡിലാണ് ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ, റോബിൻസൺ സന്ദേശങ്ങൾ ഡിസ്‌കോർഡ് വഴി ട്വിഗ്‌സിന് അയച്ചതായി വ്യക്തമാക്കുന്നു.
ട്രാൻസ്‌ജെൻഡർ വ്യക്തികളെക്കുറിച്ചുള്ള കിർക്കിന്റെ വിമർശനാത്മക പരാമർശങ്ങളാണ് റോബിൻസനെ പ്രകോപിപ്പിച്ചതെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നുമുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ റോബിൻസനെ ചൊവ്വാഴ്ച യൂട്ടായിലെ കോടതിയിൽ ഹാജരാക്കും.
Charlie Kirk murder: FBI kept his partner’s identity secret, report says