ന്യൂയോർക്ക് : ചാര്‍ളി കിര്‍ക്ക് വെടിയേറ്റു മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പുസ്തകം ആമസോണില്‍ പ്രത്യക്ഷപ്പെട്ട സംഭവം വലിയ ദുരൂഹതകള്‍ക്ക് വഴിവെച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാര്‍ളി കിര്‍ക്കിന്റെ (31) മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെയാണ് ‘ദി ഷൂട്ടിങ് ഓഫ് ചാർളി കിര്‍ക്ക്’ എന്ന പേരിലുള്ള പുസ്തകം ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിയത്. അനസ്തേഷ്യ ജെ. കെയ്‌സി എന്ന വ്യക്തിയാണ് പുസ്തകത്തിന്റെ രചയിതാവെന്ന് രേഖപ്പെടുത്തിയിരുന്നത്.
സെപ്റ്റംബര്‍ 10-ന് യുട്ടായിലെ യുട്ടാ വാലി സര്‍വകലാശാലയില്‍ വെച്ചാണ് ചാര്‍ളി കിര്‍ക്കിന് വെടിയേറ്റത്. എന്നാൽ, ‘ദി ഷൂട്ടിങ് ഓഫ് ചാർളി കിര്‍ക്ക്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതിയായി ആമസോണില്‍ കാണിച്ചിരുന്നത് സെപ്റ്റംബര്‍ 9, 2025 എന്നായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. കിര്‍ക്കിന്റെ മരണം ആസൂത്രിതമാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയർന്നു വന്നു. ഇതിനു പിന്നാലെ ആമസോണ്‍ ഈ പുസ്തകത്തിന്റെ ലിസ്റ്റിങ് സൈറ്റില്‍നിന്ന് നീക്കം ചെയ്തു.
പുസ്തകത്തിന്റെ കവര്‍ചിത്രം, തലക്കെട്ട്, തീയതി, സംഗ്രഹം എന്നിവയുടെ സ്‌ക്രീന്‍ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആളുകൾ രചയിതാവിനെക്കുറിച്ചും പുസ്തകം പുറത്തിറങ്ങിയ സമയത്തെക്കുറിച്ചും ചോദ്യങ്ങളുന്നയിച്ചു. ഒരാള്‍ എക്‌സില്‍ കുറിച്ചത്, “ഇത് ആസൂത്രിതമാണോ? ആരാണ് ഈ അനസ്തേഷ്യ?” എന്നാണ്. മറ്റൊരു ഉപയോക്താവ്, ‘അനസ്തേഷ്യ ഒരു എഐ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നതാണ് ഇതിലെ വിചിത്രമായ കാര്യം’ എന്ന് ചൂണ്ടിക്കാട്ടി.
വിവാദം ശക്തമായതോടെ ആമസോണ്‍ വക്താവ് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. സാങ്കേതിക തകരാര്‍ മൂലമാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി തെറ്റായി കാണിച്ചതെന്ന് ആമസോണ്‍ അറിയിച്ചു. “പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പുസ്തകങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്യാറുണ്ട്. ചോദ്യം ചെയ്യപ്പെട്ട പുസ്തകം ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ല. ഒരു സാങ്കേതിക തകരാര്‍ കാരണം, ഈ പുസ്തകം കുറച്ചുകാലം ലിസ്റ്റ് ചെയ്തിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നു, ഇതുമൂലമുണ്ടായ ആശയക്കുഴപ്പത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. സെപ്റ്റംബര്‍ 10-ന് ഉച്ചകഴിഞ്ഞാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്” – ആമസോണ്‍ ചൂണ്ടിക്കാട്ടി.. ഇതോടെ സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങി.
Charlie Kirk’s death and controversial book: Amazon clears up mystery