വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ ഉറ്റ സുഹൃത്തും ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാര്‍ളി കിര്‍ക്കിന്റെ സംസ്‌കാരചടങ്ങിന് അതിശക്തമായ സുരക്ഷാ വലയമൊരുക്കി ഫെഡറല്‍ ഏജന്‍സികള്‍. ഞായറാഴ്ച്ച അരിസോണയിലെ ഗ്ലെന്‍ഡെയയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഉള്‍പ്പെടയെുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ അജ്ഞാതമായ പല ഭീഷണികളും ഉയരുന്നതായും ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വന്‍ സുരക്ഷാ ക്രമീകരണമാവും ഒരുക്കുകയെന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ട് പഴുതടച്ച സുരക്ഷയാണ് ഒരുക്കുക. എഫ്ബിഐ, സീക്രട്ട് സര്‍വീസ്, ഹോമ്ലാന്‍ഡ് സെക്യൂരിറ്റി സര്‍വീസ്, എടിഎഫ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ബോസ്റ്റണ്‍ മാരത്തണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നല്കാറുള്ള അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സ്‌പെഷല്‍ ഇവന്റ് അസസ്‌മെന്റ് റേറ്റിംഗ് (എസ്ഇഎആര്‍) ലെവല്‍ ഒന്ന് എന്ന നിലയിലുളള സുരക്ഷാ ക്രമീകരണങ്ങളാവും ഹോമ്ലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒരുക്കുക. ഇതിനോടകം തന്നെ സീക്രട്ട് സര്‍വീസ് അധികൃതര്‍ ഗ്ലെന്‍ഡെയിലില്‍ ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ ആരംഭിച്ചു.സംസ്ഥാന, പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നാവും ഒരുക്കങ്ങള്‍ നടത്തുക.
ഒരുലക്ഷത്തോളം ആളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ച്ച പുലര്‍ച്ചെ തന്നെ ആളുകള്‍ ഇവിടേയക്ക് ഒഴുകിയെത്തുമെന്ന കണക്കുകൂട്ടലാണ് അധികൃതര്‍ക്കുള്ളത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ടേണിംഗ് പോയിന്റ് യുഎസ്എ വഴി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു
Charlie Kirk’s funeral under tight security; federal agencies monitoring unknown threats