സൗദി മാതാപിതാക്കൾ ഡിജിറ്റൽ ലോകത്ത് മുൻ നിരയിൽ

സൗദി മാതാപിതാക്കൾ ഡിജിറ്റൽ ലോകത്ത് മുൻ നിരയിൽ

സൗദി മാതാപിതാക്കൾ അവരുടെ കുട്ടികളുമായി ഡിജിറ്റൽ ലോകത്ത് സഹവർത്തിത്വം പുലർത്തുന്നതിൽ ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്നുവെന്ന് പഠന റിപ്പോർട്ട്. അൽഖോബാറിലെ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്ര) നടത്തിയ ‘ദി ട്രൂത്ത് എബൗട്ട് ഫാമിലി ലൈഫ് ഇൻ എ ഡിജിറ്റൽ ഏജ്’ എന്ന പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്.

‘ജനറൽ ആൽഫ, ജനറൽ എ.ഐ: നമ്മുടെ ഭാവിതലമുറയെ ആരാണ് സംരക്ഷിക്കുന്നത്?’ എന്ന തലക്കെട്ടിൽ നടന്ന ഉച്ചകോടിയിലാണ് പഠനം പുറത്ത് വിട്ടത്. കിംഗ് ഖാലിദ് ഫൗണ്ടേഷൻ സി.ഇ.ഒ അമീര നൗഫ് ബിന്ത് മുഹമ്മദ് അൽ സഊദ് മുഖ്യപ്രഭാഷണം നടത്തി. നിയന്ത്രണം, ഡിജിറ്റൽ ബാല്യം, നയ ചട്ടക്കൂടുകൾ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സംഘടിപ്പിച്ചു.

പഠനത്തിൽ പങ്കെടുത്ത 750-ലധികം സൗദി പൗരന്മാരുടെ വിവരങ്ങൾ പ്രകാരം, 93 ശതമാനം മാതാപിതാക്കൾ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കാനും ഭാവി കഴിവുകൾ വികസിപ്പിക്കാനും സഹായകരമാണെന്ന് വിശ്വസിക്കുന്നു. കൂടാതെ, കുട്ടികളുമായി ചേർന്ന് വിദ്യാഭ്യാസപരമായ ഗെയിമുകൾ കളിക്കാൻ അവർ മുൻതൂക്കം നൽകുന്നതായും കണ്ടെത്തി.

85 ശതമാനം പേർ ടെക്നോളജി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ആഗോള സഹകരണം എന്നിവയ്ക്കു സഹായകരമാണെന്ന് അഭിപ്രായപ്പെട്ടു. 90 ശതമാനം പേർ സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. 95 ശതമാനം പേർ ഓൺലൈൻ ഉള്ളടക്കത്തിന് സർക്കാർ നിയന്ത്രണം വേണമെന്ന നിലപാടും പ്രകടിപ്പിച്ചു.

ഇത്ര ഡയറക്ടർ മുസ്സബ് അൽസാരൻ, സെമിനാറിനെ ആഗോള ദൗത്യത്തോടെയുള്ള സൗദിയുടെ മുന്നേറ്റമായി വിശേഷിപ്പിച്ചു. ഡോ. ഫഹദ് ബെയാഹി ഈ പഠനം ഡിജിറ്റൽ കാലഘട്ടത്തിൽ ബാല്യത്തെ പുനർവ്യാഖ്യാനിക്കുന്ന ആഗോള മാനദണ്ഡമാണെന്ന് വിലയിരുത്തി.

പഠനത്തിന്റെ സമഗ്ര വിലയിരുത്തൽ സൗദി കുടുംബങ്ങൾ ഡിജിറ്റൽ മാറ്റം സ്വീകരിക്കുന്നതിനൊപ്പം സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കാനും ശ്രമിക്കുന്നുവെന്നതിന് തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Saudi Parents at the Forefront in the Digital World

Share Email
Top