വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി; ‘ഗുരുവിന്റെ ദർശനങ്ങൾ നടപ്പാക്കിയ നേതാവ്’

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി; ‘ഗുരുവിന്റെ ദർശനങ്ങൾ നടപ്പാക്കിയ നേതാവ്’

കൊല്ലം: ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രാവർത്തികമാക്കിയ നേതാവാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി. യോഗം സാമ്പത്തികമായി വലിയ മുന്നേറ്റം നടത്തിയെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

നവോത്ഥാന മുന്നേറ്റത്തിൽ എസ്.എൻ.ഡി.പിക്ക് നിർണായക പങ്ക്

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എസ്.എൻ.ഡി.പി. യോഗത്തിന് നിർണായക സ്ഥാനമുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായിരുന്ന കാലത്താണ് യോഗം രൂപീകരിക്കപ്പെട്ടത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അതിനുള്ള വഴി വിദ്യാഭ്യാസമാണെന്നും ശ്രീനാരായണഗുരു പഠിപ്പിച്ചു. പിന്നോക്കം നിന്നിരുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ എസ്.എൻ.ഡി.പി. നടത്തിയ ഇടപെടലുകൾ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിൽ യോഗം വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘വർഗീയത സമൂഹത്തിന് വിനാശകരം, സൂക്ഷിക്കണം’

ജാതിചിന്തയും വർഗീയതയും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ഇത്തരം വിഭജന ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം. ഏതു രൂപത്തിലുള്ള വർഗീയതയും സമൂഹത്തിന് ദോഷകരമാണ്. വർഗീയതയുടെ വിഷവിത്തുകൾ മനസ്സിൽ പാകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് കഴിയണം. കേരളത്തിന് വെളിച്ചം നൽകിയ ശ്രീനാരായണഗുരുവിനെപ്പോലുള്ളവരെപ്പോലും വർഗീയ ശക്തികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. വർഗീയതയെ എതിർത്ത ഗുരുവിന്റെ ദർശനങ്ങൾപോലും വിഷം വിതയ്ക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top