ചൈനയെയും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് തീരുവകൾ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾ ഭീഷണിയും സാമ്പത്തിക ബലപ്രയോഗവുമാണെന്ന് ചൈന ആരോപിച്ചു. അമേരിക്കയുടെ ഭീഷണികൾക്ക് നാറ്റോ രാജ്യങ്ങൾ വഴങ്ങിയാൽ തിരിച്ചടിയുണ്ടാകുമെന്നും ചൈന മുന്നറിയിപ്പ് നൽകി. സ്പെയിനിൽ അമേരിക്കയും ചൈനയും തമ്മിൽ സാമ്പത്തിക ചർച്ചകൾ നടക്കുന്നതിനിടെയാണ് ചൈനയുടെ ഈ പ്രതികരണം.
റഷ്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുമായുള്ള ചൈനയുടെ സാമ്പത്തിക, ഊർജ്ജ സഹകരണം നിയമപരമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ ദുർബലപ്പെടുത്തുകയും ആഗോള വ്യാവസായിക, വിതരണ ശൃംഖലകളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും ചൈനക്ക് 50 മുതൽ 100 ശതമാനം വരെ തീരുവ ചുമത്തണമെന്നും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബ്രസീലിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിനെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവയും വിമർശിച്ചിരുന്നു.