Caritas hospital

വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളിലെ പൊട്ടല്‍ ഒട്ടിച്ചുചേര്‍ക്കാം: മെഡിക്കല്‍ ബോണ്‍ ഗ്ലൂ വികസിപ്പിച്ച് ചെെന

വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളിലെ പൊട്ടല്‍ ഒട്ടിച്ചുചേര്‍ക്കാം: മെഡിക്കല്‍ ബോണ്‍ ഗ്ലൂ വികസിപ്പിച്ച് ചെെന

ഷെജിയാങ്: ശരീരത്തിലെ എല്ല് പൊട്ടിയാല്‍ ചികിത്സ തേടിയ ശേഷം പരിക്ക് ഭേദമാകാന്‍ ഇനി ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ടതില്ല. വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളിലെ പൊട്ടല്‍ ഒട്ടിച്ചുചേര്‍ക്കാന്‍ കഴിയുന്ന ഒരു മെഡിക്കല്‍ ബോണ്‍ ഗ്ലൂ വികസിപ്പിച്ചെടുത്തതായി ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ബോണ്‍ ഗ്ലൂ വികസിപ്പിക്കാന്‍ ഗവേഷകര്‍ വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. ചൈനീസ് ഗവേഷകരാണ് ഈ രംഗത്ത് നിര്‍ണായക മുന്നേറ്റം നടത്തിയത്.

‘ബോണ്‍ 02’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്ലൂ കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് പുറത്തിറക്കിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാലത്തിന്റെ വെള്ളത്തിനടിയിലുള്ള ഭാഗത്ത് മുത്തുച്ചിപ്പികള്‍ ശക്തമായി ഒട്ടിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതില്‍നിന്നാണ് ബോണ്‍ ഗ്ലൂ വികസിപ്പിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് സംഘത്തലവനും സര്‍ റണ്‍ റണ്‍ ഷാ ഹോസ്പിറ്റലിലെ അസോസിയേറ്റ് ചീഫ് ഓര്‍ത്തോപീഡിക് സര്‍ജനുമായ ലിന്‍ സിയാന്‍ഫെങ് പറയുന്നു. രക്തം വാര്‍ന്ന സാഹചര്യങ്ങളില്‍ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ കൃത്യമായി എല്ലുകളെ ഉറപ്പിക്കാന്‍ ഈ പശയ്ക്ക് കഴിയും.

എല്ലിന്റെ പൊട്ടല്‍ ഭേദമാകുന്നതിനനുസരിച്ച് ഈ പശ സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇംപ്ലാന്റുകള്‍ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തില്‍ ‘ബോണ്‍-02’ മികച്ച പ്രകടനം കാഴ്ചവെച്ചതായി പരിശോധനകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണഘട്ടത്തില്‍ നടപടിക്രമം 180 സെക്കന്‍ഡില്‍ താഴെ അതായത് മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായി. പരമ്പരാഗത ചികിത്സാ രീതികളില്‍ സ്റ്റീല്‍ പ്ലേറ്റുകളും സ്‌ക്രൂകളും ഘടിപ്പിക്കുന്നത് വലിയ മുറിവ് അവശേഷിപ്പിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 150-ലധികം രോഗികളില്‍ ബോണ്‍ ഗ്ലൂ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകള്‍ ശരീരത്തില്‍ ശക്തമായി നിലനിന്നു. പരമ്പരാഗത ലോഹ ഇംപ്ലാന്റുകള്‍ക്ക് പകരമാകാന്‍ ഈ ഉല്‍പ്പന്നത്തിന് കഴിയുമെന്ന് എടുത്തു കാണിക്കുന്നതാണ് പരീക്ഷണങ്ങള്‍.

China develops medical bone glue

Share Email
LATEST excelnclexrn
More Articles
Top