വാഷിങ്ടൺ: എച്ച്1ബി വിസക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ശതകോടീശ്വരനായ ഇലോൺ മസ്‌ക്കിൻ്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‍ലയ്ക്കെതിരെ നിയമനടപടിക്ക് നീക്കവുമായി രണ്ട് അമേരിക്കൻ പൗരന്മാർ. കുറഞ്ഞ വേതനത്തിന് വേണ്ടി അമേരിക്കൻ പൗരന്മാരെ ഒഴിവാക്കി എച്ച്1ബി വിസ ഉടമകളെ നിയമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേസ് ഫയൽ ചെയ്തു. സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഈ കേസിൽ ടെസ്‌ല ഫെഡറൽ സിവിൽ റൈറ്റ്സ് നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം.
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സ്കോട്ട് ടൗബും ഹ്യൂമൻ റിസോഴ്സസ് സ്പെഷ്യലിസ്റ്റായ സോഫിയ ബ്രാൻഡറുമാണ് ടെസ്‍ലയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. ടെസ്‌ലയുടെ ഈ രീതി അമേരിക്കൻ പൗരന്മാരെ പ്രതികൂലമായി ബാധിക്കുന്നു എന്നും പ്രത്യേകിച്ചും ഉയർന്ന വൈദഗ്ധ്യമുള്ള ജോലികളിൽ എച്ച്-1 ബി വിസ ഉടമകളെ നിയമിക്കുന്നത് വ്യാപകമാണെന്നും പറയുന്നു. ഇത് ടെസ്‌ലക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ ജോലി ചെയ്യിക്കാൻ സഹായിക്കുന്നു എന്നും പരാതിയിൽ പറയുന്നു. തങ്ങൾക്ക് എംപ്ലോയ്മെന്റ് സ്പോൺസർഷിപ്പ് ആവശ്യമില്ലാത്തതിനാൽ ടെസ്‌ല തങ്ങളെ നിയമിച്ചില്ലെന്ന് ഇരുവരും ആരോപിച്ചു. ഇത് തങ്ങൾ അമേരിക്കൻ പൗരന്മാരായതുകൊണ്ടാണ് എന്നും അവർ പറയുന്നു.
എച്ച്1ബി വിസ ഉടമകൾക്ക് മാത്രമുള്ള ജോലിയാണെന്ന് പറഞ്ഞാണ് തന്നെ ആദ്യം പിന്തിരിപ്പിച്ചതെന്ന് സ്കോട്ട് ടൗബ് ആരോപിച്ചു. രണ്ടാമത്തെ ജോലിക്ക് അപേക്ഷിച്ചപ്പോൾ അഭിമുഖത്തിൽനിന്ന് പോലും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ടെസ്‌ലയിൽ കരാർ ജീവനക്കാരിയായി ജോലി ചെയ്തിട്ടുള്ള ബ്രാൻഡർ, തനിക്ക് മുൻപരിചയമുണ്ടായിട്ടും രണ്ട് ജോലികൾക്ക് അഭിമുഖം നിഷേധിച്ചുവെന്ന് ആരോപിച്ചു.
വിസ വർക്കേഴ്സ് അമേരിക്കൻ തൊഴിൽ വിപണിയിൽ ഒരു ചെറിയ ശതമാനം മാത്രമാണെന്ന് പരാതിയിൽ പറയുന്നു. എന്നിരുന്നാലും, ടെസ്‌ല അമേരിക്കൻ പൗരന്മാരെക്കാൾ വിസ ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുന്നു. കാരണം, ഒരേ ജോലി ചെയ്യുന്ന അമേരിക്കക്കാരെക്കാൾ കുറഞ്ഞ വേതനം ഇവർക്ക് നൽകിയാൽ മതി. ഇത് വേതന മോഷണമായി കണക്കാക്കുന്നുവെന്നും പരാതിയിൽ അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ടെസ്‌ലയിൽ ജോലിക്ക് അപേക്ഷിച്ചിട്ടും നിയമിക്കാത്ത എല്ലാ അമേരിക്കൻ പൗരന്മാർക്കും ടെസ്‌ലയിൽനിന്ന് പിരിച്ചുവിട്ടവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ടെസ്‌ലയുടെ ഈ നടപടി നിയമവിരുദ്ധമാണെന്നും ഇത് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു.
Complaint against Tesla for hiring H1B visa holders, excluding US citizens