ഡൽഹി: ജിഎസ്ടി പരിഷ്കരണത്തെക്കുറിച്ച് സംസാരിക്കവേ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണം, മരുന്ന്, കുട്ടികളുടെ മിഠായി എന്നിവയ്ക്ക് പോലും അവർ നികുതി ചുമത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എട്ട് വർഷം വൈകിയാണ് പരിഷ്കരണം നടന്നതെന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു. ബീഹാറിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ കോൺഗ്രസ് പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെ കാരണം എന്താണെന്നും ചോദ്യം ചെയ്തിരുന്നു.
പ്രധാനമന്ത്രി മോദിയുടെ മറുപടി മൂർച്ചയേറിയതായിരുന്നു.
“2014-ൽ ഞാൻ അധികാരത്തിൽ വരുന്നതിന് മുമ്പ്, അടുക്കള പാത്രങ്ങളോ കാർഷിക ഉൽപ്പന്നങ്ങളോ മരുന്നുകളോ, എന്തിന് ലൈഫ് ഇൻഷുറൻസിന് പോലും കോൺഗ്രസ് സർക്കാർ നികുതികൾ ഈടാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ ഉയർന്ന നികുതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
“ടൂത്ത്പേസ്റ്റ്, സോപ്പ്, ഹെയർ ഓയിൽ എന്നിവയ്ക്ക് 27% നികുതി. ഭക്ഷണ പ്ലേറ്റുകൾ, കപ്പ് പ്ലേറ്റുകൾ, സ്പൂണുകൾ എന്നിവയ്ക്ക് 18 മുതൽ 28 ശതമാനം വരെ നികുതി. ടൂത്ത് പൗഡറിന് 17% നികുതി. കോൺഗ്രസ് കുട്ടികളുടെ മിഠായികൾക്ക് പോലും 21% നികുതി ഈടാക്കിയിരുന്നു,വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് ആവശ്യമായ സൈക്കിളിന് പോലും 17 ശതമാനം നികുതിയുണ്ടായിരുന്നു. “ലക്ഷക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കും സ്വയംതൊഴിലിനും ആത്മാഭിമാനത്തിനുമുള്ള മാർഗമാണ് തയ്യൽ മെഷീൻ. ഇതിന് 16 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.