മുഖം മറച്ചുള്ള ഔദ്യോഗിക കൃത്യനിർവഹണം: കാലിഫോർണിയയിൽ വിലക്ക്, പുതിയ നിയമം പ്രാബല്യത്തിൽ

മുഖം മറച്ചുള്ള ഔദ്യോഗിക കൃത്യനിർവഹണം: കാലിഫോർണിയയിൽ വിലക്ക്, പുതിയ നിയമം പ്രാബല്യത്തിൽ

കാലിഫോർണിയ: കാലിഫോർണിയയിലെ നിയമനിർവഹണ ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മുഖം മറയ്ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ചരിത്രപരമായ ബില്ലിൽ ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവച്ചു. രാജ്യത്ത് ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കാലിഫോർണിയ. കുടിയേറ്റക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാൻ മുഖം മൂടി ധരിച്ച് ഫെഡറൽ ഏജന്റുമാർ നടത്തിയ റെയ്ഡുകളോടുള്ള നേരിട്ടുള്ള പ്രതികരണമായാണ് ഈ പുതിയ നിയമം.

ലോസ് ആഞ്ചലസിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ഈ നിയമനിർമാണം നടന്നത്. തുടർന്ന് നഗരത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാഷണൽ ഗാർഡിനെയും മറൈൻസിനെയും വിന്യസിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, പ്രാദേശിക, ഫെഡറൽ ഉദ്യോഗസ്ഥർക്ക് അവരുടെ ഔദ്യോഗിക ജോലികൾക്കിടയിൽ കഴുത്തിലെ ഗേറ്ററുകൾ, സ്കീ മാസ്കുകൾ, മറ്റ് മുഖം മറയ്ക്കുന്ന വസ്തുക്കൾ എന്നിവ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

എന്നിരുന്നാലും, അണ്ടർകവർ ഏജന്റുമാർ, എൻ95 മാസ്കുകൾ പോലുള്ള മെഡിക്കൽ മാസ്കുകൾ, തന്ത്രപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ടാക്ടിക്കൽ ഗിയറുകൾ എന്നിവയ്ക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. ഈ നിയമം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

ഈ നിയമം ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടത്തിലെയും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെയും ഉദ്യോഗസ്ഥർ ഇതിനെ രൂക്ഷമായി വിമർശിച്ചു. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ച് ഭീഷണിപ്പെടുത്തുന്ന ‘ഡോക്സിങ്’ ആക്രമണങ്ങൾ വർധിക്കാൻ ഈ നിയമം ഇടയാക്കുമെന്ന് അവർ വാദിക്കുന്നു. എന്നാൽ, ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ഗവർണർ ന്യൂസോം തിരിച്ചടിച്ചു.

ഈ നിയമം പാസാക്കിയതിലൂടെ, നിയമനിർവഹണ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കാനും, ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളെ കബളിപ്പിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തടയാനും സാധിക്കുമെന്ന് നിയമത്തിന്റെ വക്താക്കൾ പറയുന്നു.

Covered face in official duties: Ban in California, new law comes into effect

Share Email
Top