കോൺഗ്രസ് എംഎൽഎ ടി. സിദ്ദിഖിനെതിരെ ഇരട്ട വോട്ട് ആരോപണവുമായി വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്ത്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും വയനാട് ജില്ലയിലെ കൽപ്പറ്റയിലെ ഓണിവയലിലും ടി. സിദ്ദീഖിന് വോട്ടുണ്ടെന്നാണ് റഫീഖിന്റെ ആരോപണം. വോട്ടർ പട്ടികയുടെ തെളിവുകൾ സഹിതം ഫേസ്ബുക്കിലൂടെ റഫീഖ് ഈ ആരോപണം പങ്കുവെച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ ടി. സിദ്ദീഖ് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയിൽ പ്രവർത്തിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് റഫീഖ് വിമർശിച്ചു. കള്ളവോട്ട് ചേർക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. ഈ ആരോപണം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.