ഡൽഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75 വയസ്സ് പൂര്‍ത്തിയാക്കിയ മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിരമിക്കും. ഇന്ന് ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഡോ. കെ നാരായണ വ്യക്തമാക്കി.
പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം. എന്നാല്‍ രാജയ്ക്ക് പകരം വച്ച അമർജിത് കൗറിന്‍റെ പേര് കൂടുതൽ ഘടകങ്ങളും തള്ളുകയായിരുന്നു. ബിനോയ് വിശ്വം തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞതും രാജ തുടരാനിടയാക്കുകയായിരുന്നു. തെലങ്കാന, ആന്ധ്ര, തമിഴ്നാട് ഘടങ്ങൾ പ്രായപരിധിയോട് യോജിച്ചു. എന്നാൽ അമർജിത് കൗറിനെ എതിർത്തു. യുപി, ബീഹാർ ഘടകങ്ങൾ രാജയ്ക്കായി വാദിച്ചു. യോഗത്തിൽ വികാരഭരിതനായി രാജ തന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് പാർട്ടി കാണുന്നില്ലെന്ന് ചോദിച്ചു. തന്നെ മാറ്റുന്നത് തെറ്റായ സന്ദേശം നല്കുമെന്നും രാജ പ്രതികരിച്ചു. ഇതോടെ കേരളഘടകം വഴങ്ങി എന്നാണു വിവരം.













