ഇന്ത്യ-സിംഗപ്പൂർ ഭായി ഭായി, വ്യാപാരവും സഹകരണവും ശക്തമാക്കുമെന്ന് മോദി, മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

ഇന്ത്യ-സിംഗപ്പൂർ ഭായി ഭായി, വ്യാപാരവും സഹകരണവും ശക്തമാക്കുമെന്ന് മോദി, മുംബൈ ടെർമിനൽ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സിംഗപ്പൂർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനൽ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിനൊപ്പമാണ്‌ മോദി മുംബൈ ടെർമിനൽ ഉദ്ഘാടനം നടത്തിയത്. ഇരുരാജ്യങ്ങളും ചേർന്ന് ഉദ്ഘാടനം നിർവഹിച്ച ഈ ചടങ്ങിൽ, സിംഗപ്പൂരിൽ നിന്നുള്ള വൻതോതിലുള്ള നിക്ഷേപവും പ്രതിരോധ സഹകരണത്തിന്റെ ശക്തിപ്പെടുത്തലും മോദി എടുത്തുപറഞ്ഞു. ഭാവിയിലേക്ക് വിശദമായ ഒരു റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും, പരമ്പരാഗത മേഖലകൾക്കപ്പുറം എഐ, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഭയകക്ഷി സാമ്പത്തിക സഹകരണ കരാറും ആസിയാൻ സ്വതന്ത്ര വ്യാപാര കരാറും സമയബന്ധിതമായി പുനഃപരിശോധിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി മോദി വെളിപ്പെടുത്തി. ബഹിരാകാശ മേഖലയിൽ സഹകരണം വർധിപ്പിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് അറിയിച്ചു. ഇന്ത്യ ഇതിനോടകം 20-ലധികം സിംഗപ്പൂർ നിർമിത ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. ഭീകരതയ്ക്കെതിരെ ഇരുരാജ്യങ്ങൾക്കും ഒരേ നിലപാടാണുള്ളതെന്നും, പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സിംഗപ്പൂർ പിന്തുണ നൽകുന്നതായും വോങ് വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി സിംഗപ്പൂർ പ്രധാനമന്ത്രി പ്രശംസിച്ചു. ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, അതിന്റെ സ്വാധീനം അതിർത്തികൾക്കപ്പുറം പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ, പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ സന്ദർശനം നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share Email
Top