അടുത്തയാഴ്ചയോടെ കരോലിനാ മേഖലയിൽ രൂപപ്പെടാൻ സാധ്യതയുള്ള പുതിയ ന്യൂനമർദ്ദം കനത്ത വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ന്യൂനമർദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ കൊടുങ്കാറ്റായും ഞായർ അല്ലെങ്കിൽ തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും ശക്തിപ്പെടാൻ സാധ്യതയുണ്ട്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഉഷ്ണമേഖലാ ന്യൂനമർദ്ദം അടുക്കുന്ന സാഹചര്യത്തിൽ സൗത്ത് കരോലിന ഗവർണർ ഹെൻറി മക്മാസ്റ്റർ വെള്ളിയാഴ്ച സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ താമസക്കാർ കാലാവസ്ഥാ പ്രവചനങ്ങൾ നിരീക്ഷിച്ച് തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഗവർണറുടെ ഉത്തരവോടെ അടിയന്തര പദ്ധതികൾ പ്രാബല്യത്തിൽ വരികയും കേന്ദ്ര സഹായം ലഭ്യമാവുകയും ചെയ്യും.
ചുഴലിക്കാറ്റിൻ്റെ വരവ്, വേഗത, തീവ്രത എന്നിവ പ്രവചിക്കാൻ പ്രയാസമാണെങ്കിലും, ഇത് സൗത്ത് കരോലിന സംസ്ഥാനത്തുടനീളം കനത്ത കാറ്റിനും, ശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും കാരണമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇതുപോലുള്ള സാഹചര്യങ്ങൾ നമ്മൾ മുമ്പും കണ്ടിട്ടുള്ളതാണ് എന്നും ജാഗ്രത വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, യു.എസ്സിൻ്റെ തെക്ക് കിഴക്കൻ തീരങ്ങളിൽ ഇതിൻ്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും ചൊവ്വാഴ്ചയുമായി ചുഴലിക്കാറ്റിന്റെ കേന്ദ്രം സൗത്ത് കരോലിന തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം.
സൗത്ത് കരോലിന മുതൽ വിർജീനിയ വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. ഒപ്പം, കടൽക്ഷോഭത്തിനും തീരദേശ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
 













