ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി.ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസമ്മേളനത്തിൽ നെതന്യാഹു പ്രസംഗിക്കാൻ തുടങ്ങിയ ഉടൻ അറബ്, മുസ്ലിം രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രതിനിധികളാണ് പ്രതിഷേധ സൂചകമായി സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. 50 തോളം രാജ്യങ്ങൾ ഇറങ്ങിപ്പോയി. പാലസ്തീനിലെ ഇസ്രായേലിന്റെ സൈനിക നടപടികൾ, ഗാസയിലെ യുദ്ധം, കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് നയതന്ത്രജ്ഞർ വേദി വിട്ടത്.
പലസ്തീൻ വിഷയത്തിലുൾപ്പെടെ ഇസ്രായേൽ നിലപാടുകൾ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് നെതന്യാഹു നടത്തിയത്.
അറബ് രാജ്യങ്ങളുടെയും പലസ്തീൻ അനുകൂല നിലപാടുള്ള മറ്റു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇറങ്ങിപ്പോയത് അന്താരാഷ്ട്ര വേദിയിൽ ഇസ്രായേലിന് വലിയ തിരിച്ചടിയാണ്.
സൈനിക നടപടികളെ വിമർശിക്കുന്ന ലോക നേതാക്കൾക്കെതിരെ നെതന്യാഹു
ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെ വിമർശിക്കുന്ന ലോക നേതാക്കൾക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. പക്ഷപാതപരമായ മാധ്യമങ്ങൾ, തീവ്ര ഇസ്ലാമിക വിഭാഗങ്ങൾ, ജൂതവിരുദ്ധ സംഘങ്ങൾ എന്നിവർക്ക് ലോക നേതാക്കൾ വഴങ്ങിക്കൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിന് ലഭിച്ച ആഗോള പിന്തുണ “ഒരു നാഗരിക രാഷ്ട്രം ചെയ്യേണ്ടത് ചെയ്തപ്പോൾ പെട്ടെന്ന് ഇല്ലാതായി,” എന്ന് നെതന്യാഹു ഗാസയിലെ യുദ്ധത്തെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു.
നെതന്യാഹു ലോക നേതാക്കളെ രാഷ്ട്രീയ, നിയമ വ്യവഹാരങ്ങളിലൂടെ ഇസ്രയേലിനെതിരെ “യുദ്ധം” നടത്തുന്നുവെന്നും കുറ്റപ്പെടുത്തി. “നിങ്ങൾ ഇസ്രയേലിനെ ബലികൊടുത്ത് ജിഹാദിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഇത് ഇസ്രയേലിനെതിരെയുള്ള കുറ്റാരോപണമല്ല, മറിച്ച് നിങ്ങൾക്കെതിരെയുള്ളതാണ്,” അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യങ്ങളെ സംരക്ഷിക്കുന്ന ധീര സൈനികരുള്ള ഒരു രാജ്യത്തെ പിന്തുണയ്ക്കാതെ, തിന്മയെ പ്രീണിപ്പിക്കുന്ന ദുർബല നേതാക്കളാണ് ലോകത്തിന്റെ പ്രശ്നമെന്നും അദ്ദേഹം വിമർശിച്ചു.













