ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ അക്രമികളില്‍ രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.
നടിയുടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള വീടിന് നേരെ സെപ്റ്റംബർ 12-ന് നടന്ന വെടിവെപ്പ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ ഗാസിയാബാദിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്‌ടിഎഫ്) നോയിഡ യൂണിറ്റും ഡൽഹി പോലീസിന്റെ ക്രൈം ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഈ ഏറ്റുമുട്ടൽ നടന്നത്. റോഹ്തക്ക് സ്വദേശി രവീന്ദ്രയും സോണിപത്ത് സ്വദേശി അരുണുമാണ് മരിച്ച പ്രതികൾ.
ഏറ്റുമുട്ടലിനിടെ പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തതോടെയാണ് പോലീസ് തിരിച്ചടിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. സെപ്റ്റംബർ 12-ന് ബൈക്കിലെത്തിയ അജ്ഞാതർ ദിഷയുടെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ആക്രമണസമയത്ത് ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും വീട്ടിലുണ്ടായിരുന്നു, എന്നാൽ ദിഷ അവിടെ ഉണ്ടായിരുന്നില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാറിന്റെ സംഘത്തിലെ അംഗമായ വീരേന്ദ്ര ചരൺ ഏറ്റെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ, ദിഷ സനാതന ധർമ്മത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് വീരേന്ദ്ര ചരൺ അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് ദിഷയുടെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.













