ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ പൗരൻ ചന്ദ്രമൗലി നാഗമല്ലയ്യയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊലപാതകിയായ ക്യൂബൻ അനധികൃത കുടിയേറ്റക്കാരനെതിരെ കർശന നടപടിയെടുക്കുമെന്നും, രാജ്യത്ത് നിയമം ലംഘിക്കുന്ന കുടിയേറ്റക്കാർക്കെതിരെ തൻ്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഡാളസിൽ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട ചന്ദ്ര നാഗമല്ലയ്യയുടെ മരണവാർത്ത ശ്രദ്ധയിൽപ്പെട്ടു. നമ്മുടെ രാജ്യത്ത് ഉണ്ടാകാൻ പാടില്ലാത്ത ഒരു ക്യൂബൻ അനധികൃത കുടിയേറ്റക്കാരനാണ് അദ്ദേഹത്തെ ഭാര്യയുടെയും മകൻ്റെയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയത്,” ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചു.
കേടായ ഒരു വാഷിംഗ് മെഷീനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഡാളസിലെ ഒരു ഹോട്ടലിൽ വെച്ച് ചന്ദ്ര നാഗമല്ലയ്യയെ, തൻ്റെ ജീവനക്കാരനായ കോബോസ്-മാർട്ടിനെസ് എന്ന ക്യൂബൻ പൗരൻ ആക്രമിക്കുകയും തലയറുത്ത് മാറ്റുകയും ചെയ്തത്. കർണാടക സ്വദേശിയായ 50 വയസ്സുകാരനായ നാഗമല്ലയ്യ കഴിഞ്ഞ അഞ്ച് വർഷമായി ഡാളസിലെ ഡൗൺടൗൺ സ്യൂട്ട്സ് ഹോട്ടലിൻ്റെ മാനേജരായി ജോലി ചെയ്യുകയായിരുന്നു.