ന്യൂയോർക്ക്: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് 31-കാരനായ ചാർളി കിർക്ക് കൊല്ലപ്പെട്ടത്.
പ്രതിയെ പിടികൂടിയെന്ന് തനിക്ക് സംശയമില്ലാതെ പറയാൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അക്രമിയെ അറിയാവുന്നവർ തന്നെയാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്നും ട്രംപ് വിശദീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ അറസ്റ്റ് വിവരം ഉടൻതന്നെ എഫ്ബിഐ ഔദ്യോഗികമായി വിശദമാക്കുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. പ്രസംഗിച്ച് കൊണ്ടിരിക്കെ ആണ് വെടിയേറ്റത്.
അതേ സമയം, ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകൻ ചാർലി കിർക്കിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്ന വിദേശികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്. വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ് ലാൻഡൗ മുന്നറിയിപ്പ് നൽകി. അടുത്തിടെ ഗാസയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ചില വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയ സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ നിർദ്ദേശം.
അക്രമത്തെ മഹത്വവത്കരിക്കുന്ന വിദേശികളെ അംഗീകരിക്കാനാവില്ലെന്ന് ലാൻഡൗ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു