മരുന്നുകളെ പ്രതിരോധിക്കുന്ന ‘നൈറ്റ്മേർ ബാക്ടീരിയ’ : ആശങ്ക വർധിക്കുന്നു

മരുന്നുകളെ പ്രതിരോധിക്കുന്ന ‘നൈറ്റ്മേർ ബാക്ടീരിയ’ : ആശങ്ക വർധിക്കുന്നു

വാഷിംഗ്ടൺ: മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ‘നൈറ്റ്‌മേർ ബാക്ടീരിയ’ അഥവാ കാർബപ്പെനം റെസിസ്റ്റന്റ് എൻട്രോബാക്ടീരിയസിന്റെ (CRE) സാന്നിധ്യം അമേരിക്കയിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ ഇത്തരം അണുബാധകൾ ഏകദേശം 70% വർധിച്ചതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നു. ‘അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിലവിൽ, ഈ അണുബാധയെ പ്രതിരോധിക്കാൻ രണ്ടേ രണ്ട് ആന്റിബയോട്ടിക്കുകൾക്ക് മാത്രമേ കഴിയുന്നുള്ളൂ. ഇവയാകട്ടെ, വളരെ ചെലവേറിയതും ഇൻട്രാവീനസ് (IV) വഴി മാത്രം നൽകേണ്ടതുമാണ്.

എന്താണ് ഈ ബാക്ടീരിയ?

നൈറ്റ്‌മേർ ബാക്ടീരിയ എന്നറിയപ്പെടുന്ന കാർബപ്പെനം റെസിസ്റ്റന്റ് എൻട്രോബാക്ടീരിയസ് (CRE) എന്ന ബാക്ടീരിയ ഗ്രൂപ്പിൽ എഷെറീഷ്യ കോളി (E. coli), ക്ലെബ്സിയല്ല ന്യൂമോണിയ (Klebsiella pneumoniae) തുടങ്ങിയ രോഗകാരികളായ ബാക്ടീരിയകൾ ഉൾപ്പെടുന്നു. അടുത്തിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത അണുബാധകളുടെ വർധനവിന് ഒരു പ്രധാന കാരണം എൻ.ഡി.എം. ജീൻ (ന്യൂഡൽഹി മെറ്റല്ലോ-ലാക്ടമേസ്) അടങ്ങിയ ബാക്ടീരിയകളാണെന്ന് സി.എൻ.ബി.സി ടി.വി 18-ന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ ജീനിന് ഒന്നിലധികം ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനം നിർവീര്യമാക്കാനുള്ള ശേഷിയുണ്ട്.

രോഗലക്ഷണങ്ങൾ

ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ പനി, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ വേദന, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കാം. എന്നാൽ, ഇത് മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയ മൂലമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് ലബോറട്ടറി പരിശോധനകൾ അത്യാവശ്യമാണ്. രോഗനിർണയത്തിൽ ഉണ്ടാകുന്ന കാലതാമസം ഫലപ്രദമായ ചികിത്സയെ കൂടുതൽ ദുഷ്കരമാക്കും.

Drug-resistant ‘nightmare bacteria’: Growing concern

Share Email
LATEST
Top