വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന വെറും 14 സെക്കൻഡിൽ; പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന വെറും 14 സെക്കൻഡിൽ; പുതിയ സാങ്കേതിക വിദ്യയുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ്: വിമാനയാത്രക്കാർ പാസ്പോർട്ടോ, ബോർഡിംഗ് പാസ്സോ കാണിക്കേണ്ടതില്ലാത്ത, ലോകത്തിലെ ആദ്യത്തെ അതിർത്തി നിയന്ത്രണ സംവിധാനം നടപ്പാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഇനിമുതൽ, യാത്രക്കാർക്ക് ‘ചുവപ്പ് പരവതാനി ഇടനാഴി’ എന്ന് വിളിക്കുന്ന ടണലിലൂടെ ഒരു രേഖകളും കാണിക്കാതെ കടന്നുപോകാം. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ബയോമെട്രിക് ക്യാമറകളും ഫ്ലൈറ്റ് ഡാറ്റയും ഉപയോഗിച്ച് ഓരോ യാത്രക്കാരനെയും തിരിച്ചറിയും. ലഗേജും ഈ സംവിധാനത്തിന് പരിശോധിക്കാൻ സാധിക്കും.

ഈ സംവിധാനം വഴി സുരക്ഷാ പരിശോധനയ്ക്കായി എടുക്കുന്ന സമയം വെറും 14 സെക്കൻഡായി കുറയും. ഒരേസമയം 10 പേർക്ക് വരെ ഈ ഇടനാഴിയിലൂടെ കടന്നുപോകാൻ സാധിക്കും. വേനൽക്കാലങ്ങളിൽ എത്തുന്ന വലിയ വിനോദസഞ്ചാര സംഘങ്ങൾക്കും കുടുംബങ്ങൾക്കും ഇത് ഏറെ ഉപകാരപ്രദമാകും. ഈ പുതിയ സംവിധാനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ തങ്ങളുടെ പാസ്പോർട്ട് വിവരങ്ങളും ഫോട്ടോയും വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് നൽകേണ്ടതുണ്ട്.

നിലവിൽ, ടെർമിനൽ 3-ൽ നിന്ന് പുറപ്പെടുന്ന ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. എന്നാൽ, അധികം താമസിയാതെ ഇത് അറൈവൽ ഹോളുകളിലും നടപ്പിലാക്കാൻ അധികൃതർ ഉദ്ദേശിക്കുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു വിമാനത്താവളം ഹൈടെക് ടണലിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. 2025-ന് മുൻപ് പണി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ ഓഗസ്റ്റ് മുതലാണ് ഇത് പ്രവർത്തിച്ചുതുടങ്ങിയത്.

സിംഗപ്പൂരിന്റെ പരീക്ഷണം: കഴിഞ്ഞ വർഷം സിംഗപ്പൂരിലെ ഷാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ ആശയം നടപ്പാക്കിയിട്ടുണ്ട്. സിംഗപ്പൂരിലെ സംവിധാനത്തിലും നിർമ്മിത ബുദ്ധിയും ബയോമെട്രിക്കും ഉപയോഗിക്കുന്നുണ്ടെങ്കിലും, യാത്രക്കാർ പാസ്പോർട്ട് പരിശോധനയ്ക്കായി നൽകേണ്ടതുണ്ട്.

അബുദാബിയിലും പരിഷ്കാരങ്ങൾ: അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുന്നു. ഓരോ ചെക്ക് പോയിന്റുകളിലും ബയോമെട്രിക് സെൻസറുകൾ ഘടിപ്പിക്കുന്ന സ്മാർട്ട് ട്രാവൽ പ്രോജക്റ്റിന്റെ ഭാഗമാണിത്. ചെക്ക്-ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ബൂത്തുകൾ, ബോർഡിങ് ഗേറ്റുകൾ, വി.ഐ.പി. ലോഞ്ചുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഈ സംവിധാനം ഉടൻ നിലവിൽവരും. ഈ സാങ്കേതികവിദ്യ ഇപ്പോൾത്തന്നെ ചില സ്ഥലങ്ങളിൽ ഭാഗികമായി നിലവിൽ വന്നു കഴിഞ്ഞു.

Dubai International Airport has launched a “red carpet tunnel” that uses AI and biometric cameras to allow passengers to pass through border control without showing any documents

Share Email
Top