പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം, ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയിൽ

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം,   ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയിൽ

കൊച്ചി: ഭൂട്ടാൻ വഴി അനധികൃതമായി ഇറക്കുമതി ചെയ്ത ആഡംബര കാറുകൾ പിടിച്ചെടുത്ത ‘ഓപ്പറേഷൻ നുംഖോർ’ നടപടി ചോദ്യം ചെയ്ത് നടനും നിർമ്മാതാവുമായ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത തൻ്റെ ലാൻഡ് റോവർ ഡിഫെൻഡർ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും, കേവലം സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്നും ഹർജിയിൽ ആരോപിക്കുന്നു.

ഏകദേശം അഞ്ച് വർഷം മുൻപ്, എല്ലാ നിയമപരമായ നടപടികളും പണമിടപാടുകളും ബാങ്ക് വഴി പൂർത്തിയാക്കിയാണ് താൻ ഈ വാഹനം വാങ്ങിയതെന്നും, താനാണ് ഇതിൻ്റെ രജിസ്റ്റർ ചെയ്ത ഉടമയെന്നും ദുൽഖർ കോടതിയെ അറിയിച്ചു.

വാഹനം വാങ്ങിയ സമയത്ത് ലഭിച്ച കസ്റ്റംസ് ക്ലിയറൻസ് രേഖകൾ, ഇൻവോയ്‌സുകൾ, മറ്റ് രേഖകൾ എന്നിവയെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്നും മുൻവിധിയോടെയാണ് പെരുമാറിയതെന്നും ഹർജിക്കാരൻ വാദിക്കുന്നു.

മാധ്യമ റിപ്പോർട്ടുകൾ തൻ്റെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കിയെന്നും, പിടിച്ചെടുത്ത ആഡംബര വാഹനം വേണ്ടവിധം പരിപാലിച്ചില്ലെങ്കിൽ അതിന് വലിയ നഷ്ടം സംഭവിക്കുമെന്നും ദുൽഖർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ.യുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ മറുപടി നൽകാൻ ഹൈക്കോടതി കസ്റ്റംസ് വകുപ്പിന് നിർദ്ദേശം നൽകി. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത ആഡംബര വാഹനങ്ങൾ കണ്ടെത്താനായി കസ്റ്റംസ് നടത്തിയ പരിശോധനയായിരുന്നു ‘ഓപ്പറേഷൻ നുംഖോർ’. ഈ ഓപ്പറേഷന്റെ ഭാഗമായി ദുൽഖറിൻ്റെതടക്കം 36 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

Share Email
Top