കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകൾക്ക് രക്ഷാപ്രവർത്തനം ലഭിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന താലിബാൻ നിയമമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2200-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ട ഭൂകമ്പത്തിൽ, പുരുഷന്മാരായ രക്ഷാപ്രവർത്തകർ സ്ത്രീകൾക്ക് സഹായം നൽകാൻ തയ്യാറായില്ല. ചില സ്ത്രീകളുടെ മൃതദേഹങ്ങൾ വസ്ത്രങ്ങളിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തതെന്നും റിപ്പോർട്ടുണ്ട്.
താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും തടസ്സമായി. കഴിഞ്ഞ നാല് വർഷമായി സ്ത്രീകൾ കർശനമായ നിയന്ത്രണങ്ങളാണ് നേരിടുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ഉണ്ടായിരുന്ന സ്ത്രീകളെ സഹായിക്കാനോ അവരോട് വിവരങ്ങൾ ചോദിക്കാനോ പോലും ആരും തയ്യാറായില്ലെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.
ദുരന്തബാധിതയായ ബിബി ഐഷ എന്ന യുവതിയുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്, ഭൂകമ്പം നടന്ന് 36 മണിക്കൂറിന് ശേഷമാണ് തങ്ങളുടെ പ്രവിശ്യയിൽ രക്ഷാപ്രവർത്തകർ എത്തിയത്. പരിക്കേറ്റ പുരുഷന്മാരെയും കുട്ടികളെയും രക്ഷപ്പെടുത്തിയപ്പോൾ സ്ത്രീകളെ ഒഴിവാക്കിയെന്നും, പലരും രക്തം വാർന്ന് അവശനിലയിലായിരുന്നു എന്നും ഐഷ പറഞ്ഞു. രക്ഷാപ്രവർത്തകർ സ്ത്രീകളെ അദൃശ്യരാണെന്ന നിലയിലാണ് സമീപിച്ചതെന്നും ആക്ഷേപമുയരുന്നുണ്ട്.
ഭൂകമ്പത്തിൽ 2200 പേർ മരിക്കുകയും 3600 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് ശേഷം വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
Earthquake in Afghanistan: Law prohibiting men from touching women hinders rescue workers; women ignored













