കർണാടകയിലെ ഹാസനിൽ വാഹനാപകടത്തിൽ എട്ട് മരണം. മോസലെ ഹൊസഹള്ളി ഗ്രാമത്തിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. 25-ലധികം പേർക്ക് പരിക്കേറ്റു. അഞ്ച് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
മരണസംഖ്യ കൂടാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരിക്കേറ്റവരെ ഹാസനിലെയും ഹോളെനാരസിപ്പൂരിലെയും സ്വകാര്യ, സർക്കാർ ആശുപത്രികളിലേക്ക് മാറ്റി.
അധിക വേഗതയിലും അശ്രദ്ധയിലും ട്രക്ക് ഡ്രൈവർ ഡിവൈഡറിൽ തട്ടി ഘോഷയാത്രയിലേക്ക് കയറിവന്നത് അപകടത്തിന് കാരണമായി. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഡിജെ ഡാൻസ് നടക്കുന്ന തിരക്കുള്ള ഘോഷയാത്രയിലൂടെ പാഞ്ഞുകയറിയ ട്രക്കിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. എച്ച്.ഡി. കുമാരസ്വാമി, ജെ.ഡി.എസ് എം.എൽ.എ. എച്ച്.ഡി. രേവണ്ണ, മുൻ മന്ത്രി സുരജ് രേവണ്ണ, ഹാസൻ എം.പി. ശ്രേയസ് പട്ടേൽ എന്നിവർ സംഭവസ്ഥലത്തെത്തി.