അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെയും ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിന്റെയും പേരുകൾ പരാമർശിക്കപ്പെട്ടിരിക്കുന്നു. 2014 ഡിസംബറിൽ എപ്സ്റ്റീൻ മസ്‌കിനെ തന്റെ ഐലൻഡിലേക്ക് ക്ഷണിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. അതേസമയം, 2000 മേയിൽ ന്യൂജേഴ്‌സിയിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള ഒരു പ്രത്യേക വിമാനയാത്രയിൽ പ്രിൻസ് ആൻഡ്രൂവിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ എപ്സ്റ്റീൻ എസ്റ്റേറ്റ് സമർപ്പിച്ച മൂന്നാമത്തെ ബാച്ചാണ്, അതിൽ ഫോൺ മെസേജുകൾ, വിമാന യാത്രാ വിവരങ്ങൾ, സാമ്പത്തിക കണക്കുകൾ, ദൈനംദിന ഷെഡ്യൂളുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
മസ്‌ക് ഈ വിവരങ്ങൾ വ്യാജമാണെന്ന് പ്രതികരിച്ചു, താൻ ക്ഷണം നിരസിച്ചിരുന്നുവെന്നും വ്യക്തമാക്കി. പ്രിൻസ് ആൻഡ്രൂവും ഇത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞു. രേഖകളിൽ ഇന്റർനെറ്റ് സംരംഭകൻ പീറ്റർ തീൽ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ എന്നിവരുടെ പേരുകളും ഉണ്ട്. 2019 ഫെബ്രുവരി 16-ന് ബാനനും എപ്സ്റ്റീനും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ തീരുമാനിച്ചിരുന്നതായും, 2014 ഡിസംബർ 5-ന് ബിൽ ഗേറ്റ്സിനൊപ്പം പ്രഭാതഭക്ഷണത്തെക്കുറിച്ച് എപ്സ്റ്റീൻ കുറിച്ചിരുന്നതായും രേഖകൾ സൂചിപ്പിക്കുന്നു.
നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ പരാമർശിക്കപ്പെട്ടത് വിവാദമായിരുന്നു. ട്രംപുമായി ഉടക്കിയ മസ്‌ക് ഇതിനെതിരെ പ്രതിഷേധിച്ചു, ട്രംപിന്റെ പേരുള്ളതുകൊണ്ടാണ് ഫയലുകൾ പുറത്തുവരാത്തതെന്ന് ആരോപിച്ചു. ‘ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു’ എന്ന് മസ്‌ക് എക്സിൽ കുറിച്ചു. കൂടാതെ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ യുഎസ് പ്രസിഡന്റാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു.