ദില്ലി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പേര് ദുരുപയോഗം ചെയ്ത് നിർമിച്ച വ്യാജ എഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറി’ൽ ഇന്ത്യയ്ക്ക് ആറ് വിമാനങ്ങളും നിരവധി സൈനികരും നഷ്ടപ്പെട്ടതായി ജനറൽ ദ്വിവേദി പറയുന്നതായി വ്യാജമായി ചിത്രീകരിച്ചിരിക്കുന്നതാണ് വീഡിയോയിൽ. ഈ വീഡിയോ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി ഐ ബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.
പിഐബി ജനങ്ങളോട് ഇത്തരം വ്യാജ വിവരങ്ങൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പിന്തുടരണമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പിഐബി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഇത്തരം വ്യാജ വീഡിയോകൾ രാജ്യസുരക്ഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരത്താൻ ലക്ഷ്യമിടുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.