അമേരിക്കയിലെ ടെക്സാസിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ നടത്തിയ പരാമർശം വൻ വിവാദത്തിന് വഴിയൊരുക്കി. ഷുഗർ ലാൻഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ സ്ഥാപിതമായ ‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന ഈ പ്രതിമയെ ‘വ്യാജ ഹിന്ദു ദൈവത്തിന്റെ’ പ്രതിനിധാനമായി വിശേഷിപ്പിച്ചാണ് ഡങ്കൻ്റെ വിവാദ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് ഇത്തരം പ്രതിമകൾ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത അദ്ദേഹം, സോഷ്യൽ മീഡിയയിൽ പ്രതിമയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഡങ്കൻ്റെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ ബൈബിളിലെ വാക്യങ്ങൾ ഉദ്ധരിച്ച്, “നിനക്ക് ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത്” എന്നും, “സ്വർഗത്തിലോ ഭൂമിയിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്” എന്നും പറഞ്ഞു. ഈ പരാമർശങ്ങൾ വൈറലായതോടെ, ഹിന്ദു സമുദായത്തിൽ നിന്നും മറ്റു വിഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. ഡങ്കന്റെ പരാമർശം മതസൗഹാർദത്തെ ഹനിക്കുന്നതാണെന്നും സാംസ്കാരിക വൈവിധ്യത്തെ അവഹേളിക്കുന്നതാണെന്നും വിമർശനം ശക്തമായിട്ടുണ്ട്.













