ബിക്കാനീർ: 62 വർഷത്തെ ധീരമായ സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ പടക്കുതിരയായ മിഗ്-21 യുദ്ധവിമാനം വിരമിച്ചു. ബിക്കാനീറിലെ നാൽ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി. സിങ് അവസാന പൈലറ്റായി വിമാനം പറത്തി. വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ യാത്രയയപ്പ് ചടങ്ങ് സെപ്റ്റംബർ 18നും 19നുമായാണ് നടന്നത്.
എയർ ചീഫ് മാർഷൽ എ.പി. സിങ്ങിന്റെ വാക്കുകളിൽ മിഗ്-21 വിമാനത്തോടുള്ള ആദരം നിറഞ്ഞുനിന്നു. “1960-കളിൽ വ്യോമസേനയുടെ ഭാഗമായ മിഗ്-21 ഒരു യഥാർത്ഥ പടക്കുതിരയായിരുന്നു. 1985-ൽ തേജ്‌പൂരിൽവെച്ച് ടൈപ്പ്-77 മിഗ്-21 പറപ്പിച്ച എന്റെ ആദ്യ അനുഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു. പറത്താൻ വളരെ എളുപ്പവും അതേസമയം ശക്തവുമായ ഈ വിമാനത്തെ പറപ്പിച്ച എല്ലാവർക്കും അതിന്റെ വിടവാങ്ങൽ വേദനയുണ്ടാക്കും.” അദ്ദേഹം പറഞ്ഞു.
മിഗ്-21 ഇന്ത്യൻ വ്യോമസേനയ്ക്ക് നൽകിയ സംഭാവനകളെക്കുറിച്ച് വ്യോമസേന വക്താവ് വിങ് കമാൻഡർ ജയദീപ് സിങ് വിശദീകരിച്ചു. “1965-ലെയും 1971-ലെയും യുദ്ധങ്ങളിൽ മിഗ്-21ന്റെ പ്രകടനം തിളക്കമാർന്നതായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിലും ഈ വിമാനം നിർണായക പങ്കുവഹിച്ചു. പാകിസ്ഥാന്റെ അറ്റ്ലാന്റിക് വിമാനത്തെ വെടിവെച്ചിട്ടതും 2019-ൽ പാക് എഫ്-16 വിമാനത്തെ വീഴ്ത്തിയതും മിഗ്-21ന്റെ ചരിത്രത്തിലെ സുവർണ ഏടുകളാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനങ്ങളായിരിക്കും മിഗ്-21-ന് പകരമായി ഇനി സേവനത്തിലുണ്ടാവുക. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള 36 മിഗ് വിമാനങ്ങൾക്ക് സെപ്റ്റംബർ 26-ന് ചണ്ഡീഗഢിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ യാത്രയയപ്പ് നൽകും.
Farewell to MiG-21; 62 years of service ended, successor Tejas













